Home | About Us | News Room | Programme | Video | Gallery | Download | Font Problem? | Contact Us

       

നിളാ തീരത്തെ സ്ത്രീ സാഗരം /റസിയ ചാലക്കല്‍

 
Monday, January 25, 2010

 

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ കുറ്റിപ്പുറം സ്വഫാ നഗര്‍ കേരളചരിത്രത്തിലെ ഐതിഹാസിക സംഭവത്തിന് സാക്ഷിയായപ്പോള്‍ പ്രചാരണവും പ്രവര്‍ത്തനവും സംഘാടനവും വനിതകള്‍ തന്നെ ഏറ്റെടുത്തു നടത്തിയ ജമാഅത്തെ ഇസ്ലാമി കേരള വനിതാ സമ്മേളനം സമ്മിശ്രവികാരങ്ങളോടെയാണ് ലോക മലയാളികള്‍ വീക്ഷിച്ചത്. ഒക്ടോബര്‍ 4-ാം തീയതി തിരുവനന്തപുരത്ത് നടന്ന പ്രഖ്യാപന സമ്മേളനത്തോടെ സാമൂഹിക വിപ്ളവത്തിന് വേണ്ടിയുളള സ്ത്രീശക്തിയുടെ ആഹ്വാനമായിരുന്നു കേരളക്കരയാകെ. സ്ത്രീ സംബന്ധമായ വിഷയങ്ങളില്‍ അവസരോചിതമായി പ്രതികരിക്കുന്ന ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കാലിക പ്രസക്തമായ ഒരു വിഷയം-'സാമൂഹ്യ വിപ്ളവത്തിനു സ്ത്രീശക്തി'-സമ്മേളന പ്രമേയമായി തെരഞ്ഞെടുത്തപ്പോള്‍ ജാതി-മത ഭേദമന്യേ കേരളത്തിലെ സ്ത്രീസമൂഹം അതിനംഗീകാരം നല്‍കിയത് സ്ത്രീ പക്ഷ സാമൂഹിക വിപ്ളവം കാലഘട്ടത്തിന്റെ അനിവാര്യതയായി സമൂഹം തിരിച്ചറിഞ്ഞു എന്നതിന് തെളിവാണ്.
വേണ്ടിവന്നാല്‍ തെരുവിലെ ചുമരും പെണ്‍കരങ്ങള്‍ക്ക് എഴുത്തിന് വഴങ്ങുമെന്ന് തെളിയിച്ചുകൊണ്ട് വൈവിധ്യമാര്‍ന്ന പ്രചാരണ പരിപാടികളാണ് കേരളത്തിലങ്ങോളമിങ്ങോളം നടന്നത്. പൊതുയോഗങ്ങള്‍, സെമിനാറുകള്‍, ഗൃഹാങ്കണ യോഗങ്ങള്‍, വ്യക്തി സംഭാഷണങ്ങള്‍, വാഹന പ്രചാരണ ജാഥകള്‍, പത്ര സമ്മേളനങ്ങള്‍ എന്നിവക്കു പുറമെ കലാകായിക വേദികളും ഈദ് ഗാഹുകളും സമ്മേളന പ്രചാരണത്തിനായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു. തദ്ഫലമായി വീടിന്റെ പടികടന്ന് അല്ലാഹുവിന്റെ വിശാലമായ ഭൂമിയിലേക്ക് സ്ത്രീകള്‍ ഒഴുകിയെത്തി. ഭദ്രമായ കുടുംബ സംവിധാനത്തോടൊപ്പം സാമൂഹിക സംവിധാനവും ഏറ്റെടുക്കാനുളള ഉള്‍ക്കരുത്തോടെ ആയിരങ്ങള്‍ പ്രചാരണ പരിപാടികള്‍ക്ക് സാന്നിധ്യംകൊണ്ട് ശക്തി പകര്‍ന്നു. കാലങ്ങളായി തങ്ങള്‍ പേറി നടക്കുന്ന ദുരിതങ്ങളുടെ മാറാപ്പ് ഇറക്കി വെക്കാന്‍ ഒരിടം തേടി അലയുകയായിരുന്നു നിളയിലെ തെളിനീരുപോലെ നിര്‍മലമായ കേരളത്തിലെ പെണ്‍ മനസ്സുകള്‍. ദുരിതങ്ങളുടെ കരിപുരണ്ട് അവരുടെ ശരീരവും മനസ്സും വികൃതമായപ്പോള്‍ സ്വഫാ നഗറിലേക്കുളള വിളി അവര്‍ക്കു നല്‍കിയ ആത്മവിശ്വാസം ചെറുതൊന്നുമല്ല. അതുകൊണ്ടു തന്നെയാണ് നിളയുടെ മാറിടത്തില്‍ വിശാലമായ ആകാശത്തിനു താഴെ, അവര്‍ എത്താന്‍ കൊതിക്കുന്ന മോചനത്തിന്റെ പുതിയ ചക്രവാളത്തെ വീക്ഷിക്കാന്‍, ഒരു ലക്ഷത്തില്‍പരം സ്ത്രീകള്‍ ആവേശപൂര്‍വം ഒത്തു ചേര്‍ന്നത്.
ഞായറാഴ്ച രാവിലെ മുതല്‍ തന്നെ സ്ത്രീകള്‍ എത്തിത്തുടങ്ങിയ നിളാ നദിക്കര ഉച്ചയോടെ സ്ത്രീ സാഗരമായി മാറുകയായിരുന്നു. മണല്‍പ്പരപ്പിലൂടെയുള്ള അല്‍പം ശ്രമകരമായ നടത്തം ഹാജറാബീവിയുടെ ഓട്ടമാണ് സ്മരണയിലെത്തിച്ചത്. ശാന്തമായൊഴുകുന്ന നിളാ നദി സംസമിന്റെ നീരൊഴുക്ക് സ്മൃതിപഥത്തിലെത്തിച്ചു. അസഹ്യമായ വെയിലും തീക്ഷ്ണമായ ചൂടും പ്രതിനിധികളുടെ ഹൃദയത്തിലെ ആവേശത്തെ തളര്‍ത്തിയില്ല. വിശ്വാസത്തിന്റെ കരുത്തും പ്രത്യാശയുടെ പ്രകാശവും സ്ഫുരിക്കുന്ന മുഖങ്ങള്‍! പ്രായവും രോഗവും മറന്ന് 'ഞങ്ങളിനി പിന്നോട്ടില്ല' എന്ന് മന്ത്രിച്ചുകൊണ്ട് അവര്‍ നേരത്തെ തന്നെ ചൂടുള്ള മണല്‍പ്പരപ്പില്‍ ഇരിപ്പിടങ്ങള്‍ കണ്ടെത്തി.
സ്വഫാ കുന്നിന്റെ മുകളില്‍ നിന്നുള്ള പ്രവാചകന്റെ വിളികേട്ട് ഓടിക്കൂടിയ ജനസഞ്ചയത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു സ്വഫാ നഗറിലേക്കുളള വിളിക്കുത്തരം നല്‍കി ഒത്തു കൂടിയ സ്ത്രീ സദസ്സ്. വകുപ്പു തിരിച്ചുളള ആസൂത്രിതമായ പരിപാടികളിലൂടെ മാസങ്ങള്‍ക്കു മുമ്പു തന്നെ വളണ്ടിയര്‍മാരെ സജ്ജരാക്കുക വഴി അര്‍പണ ബോധവും സ്ഥിരചിത്തതയുമുളള കര്‍മധീരരായ വനിതാ പ്രവര്‍ത്തകരെകൊണ്ട് സ്വഫാ നഗര്‍ അടുക്കും ചിട്ടയുമുളള ഒരു വനിതാ സംഗമത്തിന് സാക്ഷിയാവുകയായിരുന്നു. സൌകര്യങ്ങളൊരുക്കാന്‍ സഹായിച്ചുകൊണ്ടിരുന്ന തെരഞ്ഞെടുക്കപ്പെട്ട പുരുഷന്മാര്‍ ഞായറാഴ്ച പുലര്‍ച്ചയോടെ നഗരി വിട്ടതോടെ, സ്വീകരണ കേന്ദ്രം മുതല്‍ ഭക്ഷണ ശാലവരെ, വെള്ളം, ശുചീകരണം സ്റേജ്, അനൌണ്‍സ്മെന്റ്, ഫോട്ടോഗ്രാഫി, വീഡിയോ, വിവിധ സ്റാളുകള്‍ തുടങ്ങി എല്ലാ വകുപ്പുകളും വനിതാ വളണ്ടിയര്‍മാര്‍ ഏറ്റെടുത്തുകൊണ്ട് കൈമെയ് മറന്ന് പണിയെടുക്കാന്‍ തുടങ്ങിയപ്പോള്‍ സമ്മേളന നടത്തിപ്പ് പൂര്‍ണാര്‍ഥത്തില്‍ വളയിട്ട കൈകളിലേക്ക് കൈമാറി. വിശിഷ്ടാതിഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി പ്രത്യേക സ്വീകരണകേന്ദ്രങ്ങള്‍ - തേക്കടി ദുരന്തം മുതല്‍ സമ്മേളന പ്രചാരണ പരിപാടികള്‍ വരെ കോര്‍ത്തിണക്കി ജി.ഐ.ഒ സജ്ജമാക്കിയ കാഴ്ചപ്പുര- സമ്മേളന വിവരങ്ങള്‍ മുദ്രണം ചെയ്ത ലേഡീസ് ബാഗുകള്‍, പേഴ്സുകള്‍, കീചെയിന്‍ , പാത്രങ്ങള്‍ തുടങ്ങിയവയുടെ സ്റാളുകള്‍-എല്ലാ അര്‍ഥത്തിലും അനുഭൂതിയുടെ നവ്യാനുഭവമായി സ്വഫാ നഗര്‍.
കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രതിനിധികളും, ചെന്നൈ, മംഗലാപുരം, ബംഗളൂരു, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പ്രതിനിധികളും അഭ്യുദയകാംക്ഷികളും എത്തിച്ചേര്‍ന്നതോടെ വീടകങ്ങളില്‍ നിന്ന് പുറത്തേക്കൊഴുകിയ സ്ത്രീകള്‍ ആവേശഭരിതരായി. പടിഞ്ഞാറെ മാനത്ത് സൂര്യന്‍ അസ്തമയ ശോഭ പരത്തുന്നതുവരെ നിരനിരയായി നടന്നു നീങ്ങുന്ന പെണ്‍ സംഘങ്ങളെ കാണാമായിരുന്നു. സാമൂഹിക വിപ്ളവ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സ്ത്രീയുടെ പ്രഥമ ദൌത്യമായ മാതൃത്വവും ശിശുപരിപാലനവും മറന്നിട്ടില്ല എന്നറിയിക്കുന്നതായിരുന്നു സമ്മേളന നഗരിയില്‍ പ്രത്യേകം തയാറാക്കിയ പന്തലിനുള്ളിലെ താരാട്ടുതൊട്ടിലുകള്‍. തൊട്ടിലാട്ടുന്ന കൈകള്‍ക്ക് മൈക്കും വീഡിയോ കാമറയും വാക്കി ടോക്കിയുമൊക്കെ വഴങ്ങുമെന്ന് തെളിയിച്ച അനര്‍ഘ നിമിഷങ്ങള്‍! ആധുനിക ടെക്നോളജിയുടെ പിന്‍ബലത്തോടെ സജ്ജമാക്കിയ നഗരിയിലെ സംവിധാനങ്ങള്‍ കേരളത്തിലെ സ്ത്രീ സമൂഹത്തിനു തന്നെ അഭിമാനിക്കത്തക്കതായിരുന്നു. പുരോഗമന പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമ്മേളനങ്ങളില്‍ പോലും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സ്ത്രീ സദസ്സുകളാണ് നമ്മള്‍ കണ്ടിട്ടുളളത്. അജ്ഞതയുടെയും അന്ധവിശ്വാസാനാചാരങ്ങളുടെയും ഭൌതികതയുടെയും ചങ്ങലക്കെട്ടുകള്‍ ഭേദിച്ച് കടന്നുവരാന്‍ ജമാഅത്തെ ഇസ്ലാമി വര്‍ഷങ്ങളായി സ്ത്രീകള്‍ക്കിടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു സംഘാടന മികവുകൊണ്ടും നവീന സംവിധാനങ്ങള്‍ കൊണ്ടും ശ്രദ്ധേയമായ ഈ വനിതാ സമ്മേളനം. സദസ്സില്‍ അണിനിരന്ന സ്ത്രീ വളണ്ടിയര്‍മാരുടെ സേവനങ്ങള്‍ക്ക് സര്‍വ പിന്തുണയുമേകി ക്ഷമയുടെയും ത്യാഗത്തിന്റെയും മൂര്‍ത്തീഭാവങ്ങളായ സ്ത്രീജനങ്ങള്‍ നഗരിയിലെ അപര്യാപ്തതകളെ സൌകര്യങ്ങളാക്കി മാറ്റാന്‍ പരസ്പരം സഹകരിച്ചപ്പോള്‍ സദസ്സ് ശാന്ത ഗംഭീരമായി.
വ്യക്തവും കൃത്യവുമായ ഭാഷ, അടുക്കും ചിട്ടയുമുളള വാക്കുകള്‍, ധീരവും കരുത്തുറ്റതുമായ സ്വരഭംഗി- അനൌണ്‍സര്‍മാരായ സ്ത്രീശബ്ദങ്ങള്‍ എന്തുകൊണ്ടും പുതുമ പകരുന്നതായി. വൈകുന്നേരം 4 മണി. തീരുമാനിച്ചുറച്ച സമയത്തു തന്നെ പരിപാടി ആരംഭിക്കാന്‍ കഴിഞ്ഞത് പൊരിവെയിലത്ത് മണിക്കൂറുകളോളം മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും വേണ്ടി കാത്തു നിന്ന് ശരീരവും മനസ്സും മടുക്കുന്ന നമ്മുടെ കേരള ജനതക്ക് മുമ്പില്‍ അനുകരണീയ മാതൃകയാണ്; കൃത്യനിഷ്ഠയുടെ വിഷയത്തില്‍ യാതൊരു കൃത്യതയും പാലിക്കാന്‍ കഴിയാത്തവരാണ് സ്ത്രീകളെന്ന പരാതിക്ക് നടുവില്‍ വിശേഷിച്ചും.
നവീന സംവിധാനങ്ങളുടെ മികവില്‍ തയാറാക്കിയ പ്രൌഢ ഗംഭീരമായ വേദിയില്‍ അണിനിരന്ന വനിതാ പ്രസംഗകര്‍ക്കിടയിലെ ഏക പുരുഷ പ്രതിനിധിയായിരുന്നു ജമാഅത്തെ ഇസ്ലാമി അമീര്‍ ടി. ആരിഫലി സാഹിബ്. അമീറിന്റെ വാക്കുകള്‍ കടമെടുത്താല്‍ 'ഒരു ദശാബ്ദം മുമ്പു നടന്ന ഹിറാ സമ്മേളനത്തില്‍ വേദിയിലുണ്ടായിരുന്നത് ഒരേയൊരു സ്ത്രീസാന്നിധ്യമായിരുന്നു. ഈ വേദിയിലാകട്ടെ ഒരേയൊരു പുരുഷ ശബ്ദവും' . സ്വാഗതം മുതല്‍ സമാപനം വരെ കാലിക പ്രസക്തമായ വിവിധ വിഷയങ്ങളെ അധികരിച്ചു സംസാരിച്ച കരുത്തുറ്റ സ്ത്രീശബ്ദങ്ങള്‍ വര്‍ഷങ്ങളുടെ ശ്രമഫലമായി പ്രസ്ഥാനം വളര്‍ത്തിയെടുത്ത കഴിവുറ്റ സ്ത്രീത്വത്തിന്റെ പ്രതീകങ്ങളായിരുന്നു. പ്രസംഗിച്ചു തഴമ്പിച്ച പല പുരുഷ ശബ്ദങ്ങളോടും കിടപിടിക്കുന്ന തരത്തില്‍ ശക്തമായ ഭാഷയും വ്യക്തമായ വീക്ഷണവും ദീപ്തമായ ആശയങ്ങളും കൊണ്ട് സമ്പുഷ്ടമായിരുന്നു എല്ലാ പ്രഭാഷണങ്ങളും. പ്രസ്ഥാനത്തിന്റെ വേദികളിലൂടെ വളര്‍ന്നു വന്ന ഒട്ടനേകം പ്രസംഗകരും എഴുത്തുകാരും സംഘാടകരും വേദിയെയും സദസ്സിനെയും ധന്യമാക്കി.
സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തേണ്ടിയിരുന്ന യിവോണ്‍ റിഡ്ലിക്ക് ലണ്ടനിലെ ഇന്ത്യന്‍ എംബസി വിലക്കു കല്‍പിച്ച വിവരം, ധീരയായ ആ മാധ്യമ പ്രവര്‍ത്തകയുടെ കരുത്തുറ്റ വാക്കുകളും ഉറച്ച നിലപാടുകളും പങ്കുവെക്കാന്‍ കാതോര്‍ത്തിരുന്ന സദസ്സിനുണ്ടാക്കിയ നഷ്ടബോധം വാക്കുകള്‍ക്കതീതമാണ്. എങ്കിലും വീഡിയോ കോണ്‍ഫറന്‍സിലൂടെ അവരുടെ സാന്നിധ്യം അനുഭവിക്കാന്‍ സാധിച്ചത് സദസ്സില്‍ ആവേശത്തിരയിളക്കി.
ആരുടെ മുമ്പിലും സത്യം ഉറക്കെ വിളിച്ചു പറയാന്‍ ധൈര്യം കാണിക്കുന്ന, നീതിനിഷേധം ക്രൂരമായ മനുഷ്യാവകാശ ലംഘനമായിക്കരുതി സമയാസമയങ്ങളില്‍ പ്രതികരിക്കുന്ന ഒരു മനുഷ്യാവകാശ പ്രവര്‍ത്തകക്ക് സ്ത്രീകളുടെ ഈ മഹാ സംഗമത്തിലേക്ക് പ്രവേശനാനുമതി നിഷേധിക്കാനുണ്ടായ കാരണം മനസ്സിലാക്കാന്‍ ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല. അവരുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, അവര്‍ സ്വീകരിച്ച അന്തസ്സുറ്റ വേഷമാണ് ഏവരെയും വിറളി പിടിപ്പിക്കുന്നത്. അര്‍ധനഗ്നകള്‍ക്കും അല്‍പ വസ്ത്രധാരിണികള്‍ക്കും ഇന്ത്യയിലെ ഒരു വേദിയിലും വിലക്കുകളില്ലെന്നു മാത്രമല്ല, സ്ത്രീ ശരീരം പരസ്യപ്പലകകളിലും സൌന്ദര്യമത്സര വേദികളിലും പച്ചയായി പ്രദര്‍ശിപ്പിക്കുന്നതിന് പച്ചക്കൊടി കാണിക്കുന്ന നമ്മുടെ അധികാരി വര്‍ഗം, വിശ്വാസംകൊണ്ടും ആര്‍ജവം കൊണ്ടും നീതിക്കുവേണ്ടി ശബ്ദിക്കുന്ന സഹോദരി റിഡ്ലിയെപ്പോലുളള സ്ത്രീ ശബ്ദങ്ങളെ തള്ളിപ്പറയുന്നത് അവര്‍ സ്വീകരിച്ച മാന്യവും സുരക്ഷിതവുമായ വേഷത്തിന്റെ പേരിലാണെങ്കില്‍ നമ്മുടെ നാടിന്റെ ഗതികേടോര്‍ത്ത് നാം പരിതപിക്കുക, ലജ്ജിക്കുക. നീതിനിഷേധവും അവകാശ നിഷേധവും ആവോളം അനുഭവിച്ചവരാണ് നമ്മള്‍ ഇന്ത്യക്കാര്‍. എന്നിട്ടുമെന്തേ നമ്മുടെ അധികാരിവര്‍ഗത്തിന് നവ നൂറ്റാണ്ടിലെ സത്യത്തിന്റെയും നീതിയുടെയും കരുത്തുറ്റ വ്യക്തിത്വങ്ങളെ തിരിച്ചറിയാനും അംഗീകരിക്കാനും കഴിയാത്തത്? ഗാന്ധിജിയുടെ സമരമുറ സ്വീകരിച്ച യിവോണ്‍ റിഡ്ലിക്ക് അതേ ഗാന്ധിജിയുടെ നാട്ടില്‍ വിലക്കേര്‍പ്പെടുത്തിയതിലുളള പ്രതിഷേധവും അമര്‍ഷവും പ്രകടമാക്കുന്ന അവരുടെ വാക്കുകള്‍ സദസ്സിന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കാനുളള കരുത്ത് നല്‍കി. അടിച്ചമര്‍ത്തുന്തോറും ഉയിര്‍ത്തെഴുന്നേല്‍ക്കുക എന്ന ഇസ്ലാമിക പാരമ്പര്യം മുറുകെപ്പിടിക്കാനുളള അവരുടെ ആഹ്വാനം സ്ത്രീസമൂഹത്തിനു പകര്‍ന്നു നല്‍കിയ പുത്തനുണര്‍വ് ചെറുതൊന്നുമല്ല.
അല്ലാഹുവിന്റെ വിധിയിലും തീരുമാനങ്ങളിലും നന്മ കണ്ടെത്തുന്ന, ഏതൊരു നഷ്ടവും പുതിയൊരു നേട്ടത്തിലേക്കുളള ചവിട്ടുപടിയായി അവസരങ്ങളെ മാറ്റിയെടുക്കുന്ന വിശ്വാസിയുടെ കരുത്താര്‍ജിച്ച പ്രസ്ഥാനത്തിന് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ സഹോദരി റിഡ്ലിയുടെ അസാന്നിധ്യം തിളക്കമാര്‍ന്ന നേട്ടമാക്കി മാറ്റിയെടുക്കാന്‍ കഴിഞ്ഞു. നിമിഷങ്ങള്‍ക്കകം തന്നെ ആധുനിക ടെക്നോളജിയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തി വീഡിയോ കോണ്‍ഫറന്‍സിലൂടെ അവരുടെ തേജസുറ്റ മുഖം സ്ക്രീനില്‍ തെളിഞ്ഞു. അവരുടെ അസാന്നിധ്യം സൃഷ്ടിച്ച നഷ്ടബോധത്തെ നേട്ടമാക്കി മാറ്റാന്‍ കാരുണ്യവാനായ റബ്ബ് നല്‍കിയ നല്ലൊരവസരമായിരുന്നു അത്. അറിവിന്റെയും ടെക്നോളജിയുടെയും അനന്തവിഹായസ്സിലേക്ക് പറന്നുയരുന്ന മുസ്ലിം സ്ത്രീയുടെ പുതിയ മുഖം ലോകം കണ്ടു. അഖില മേഖലകളിലും പ്രസ്ഥാനം സ്ത്രീസമൂഹത്തെ പാകപ്പെടുത്തിയെടുത്തതിന്റെ മകുടോദാഹരണം. യുദ്ധവും സംഘര്‍ഷവും തകര്‍ത്തെറിഞ്ഞ സ്ത്രീകളുടെയും കുട്ടികളുടെയും വേദനകള്‍ സഹോദരി റിഡ്ലിയുടെ വാക്കുകളില്‍ നിറഞ്ഞുനിന്നു. ഇത്തരം അവകാശ നിഷേധത്തിനെതിരെ ശബ്ദിക്കാനുളള ആഹ്വാനം സദസ്സ് അക്ഷരാര്‍ഥത്തില്‍ നെഞ്ചിലേറ്റി.
വനിതാ വിഭാഗം സംസ്ഥാന അധ്യക്ഷ കെ.കെ ഫാത്വിമ സുഹറ ടീച്ചറുടെ അധ്യക്ഷ പ്രസംഗം ശക്തമായ വാക്കുകളും ഉറച്ച നിലപാടുകളും കൊണ്ട് ശ്രദ്ധേയമായി. പക്വമായ സ്ത്രീത്വത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഭരണാധികാരികള്‍ക്കും മതനേതാക്കള്‍ക്കുമുളള അനിഷേധ്യമായ പങ്കും, സ്ത്രീകള്‍ സ്വയം ആര്‍ജിച്ചെടുക്കേണ്ട തിരിച്ചറിവും വ്യക്തമാക്കുന്നതായിരുന്നു അവരുടെ ഉജ്ജ്വല പ്രഭാഷണം.
'സാമൂഹ്യ വിപ്ളവത്തിന് സ്ത്രീ ശക്തി' എന്ന സമ്മേളന പ്രമേയം അവതരിപ്പിച്ച് സംസാരിച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി റഹ്മാബി, സമൂഹത്തിലെ ചീഞ്ഞു നാറുന്ന സംസ്കൃതിയുടെ ഇരകളായി മാറിക്കൊണ്ടിരിക്കുന്ന സ്ത്രീസമൂഹത്തെ ഉദ്ബുദ്ധരാക്കാന്‍ സമ്മേളനം ഉപകരിക്കുമെന്ന പ്രത്യാശ സദസ്സുമായി പങ്കുവച്ചു.
കേരള സ്ത്രീയുടെ വളര്‍ച്ചയുടെ പടവുകളിലേക്ക് വിരല്‍ ചൂണ്ടി അമീര്‍ ടി. ആരിഫലി സാഹിബ് നടത്തിയ മുഖ്യ പ്രഭാഷണം പ്രൌഢ ഗംഭീരവും ശാന്ത സുന്ദരവുമായിരുന്നു. തൌഹീദും രിസാലത്തും ആഖിറത്തും പ്രബോധനം ചെയ്ത പ്രവാചകന്മാരുടെ പാത പിന്തുടര്‍ന്നുകൊണ്ടുളള പ്രസ്ഥാനത്തിന്റെ ദൌത്യം മനുഷ്യ രാശിയോടാണ്. കാരുണ്യത്തിന്റെ മതമായ ഇസ്ലാം വരും ലോകത്തിനുമേല്‍ തണല്‍വിരിക്കും. മാര്‍ഗതടസ്സം സൃഷ്ടിക്കുന്നവരെ തട്ടിമാറ്റി മുന്നോട്ട് ഗമിക്കുക. ആശയ സമ്പുഷ്ടമായിരുന്നു അമീറിന്റെ വാക്കുകള്‍.
പതിനായിരങ്ങള്‍ പങ്കെടുത്ത മഗ്രിബ് - ഇശാ നമസ്കാരങ്ങള്‍ പകര്‍ന്നു നല്‍കിയ അനുഭൂതി വര്‍ണനാതീതമാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ നിമിഷങ്ങള്‍. പലര്‍ക്കും അത് ജീവിതത്തിലെ ആദ്യാനുഭവമായിരുന്നു. നിളയുടെ ഓളങ്ങളെപോലും നിശ്ശബ്ദമാക്കുമാറ് ശ്രുതിമധുരവും ഭക്തി നിര്‍ഭരവുമായ ഇമാം വി.പി. സഫിയയുടെ ഖുര്‍ആന്‍ പാരായണം അണികളിലുയര്‍ത്തിയ ഈമാനിന്റെ അലകള്‍ അവിസ്മരണീയം. നിളയുടെ മണല്‍പ്പരപ്പില്‍ സുജൂദില്‍ വീണു നന്ദിചൊല്ലി ആ പെണ്‍കൂട്ടം. എല്ലാ ആശങ്കകളെയും തട്ടിമാറ്റികൊണ്ട് സമ്മേളനം വന്‍വിജയമാക്കിതന്ന പടച്ചതമ്പുരാനുളള അകമഴിഞ്ഞ നന്ദി.
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അധ്യക്ഷ അത്വിയ്യ സിദ്ദീഖ വിജ്ഞാനംകൊണ്ട് ശക്തരാകാന്‍ സ്ത്രീസമൂഹത്തെ ആഹ്വാനം ചെയ്തു. അഡ്വ. നൂര്‍ബീന റഷീദ് തന്റെ സരസവും ലളിതവുമായ ശൈലിയിലൂടെ സദസ്സിനെ കൈയിലെടുത്തു. സൌദ പടന്ന (കുടുംബത്തിലേക്ക് വീണ്ടും), സഫിയ ശറഫിയ്യ (അല്ലാഹുവിലേക്ക്), കെ.കെ റഹീന (വിദ്യാര്‍ഥിനികളോട്) എന്നിവരുടെ പ്രഭാഷണങ്ങള്‍ പഠനാര്‍ഹവും ചിന്തോദ്ദീപകവുമായിരുന്നു.
സമ്മേളനത്തിലവതരിപ്പിക്കപ്പെട്ട നാലു പ്രമേയങ്ങള്‍ (സ്ത്രീധനം, സ്ത്രീ സംവരണം, മുസ്ലിം വ്യക്തിനിയമം, സദാചാരം) എന്തുകൊണ്ടും അവസരോചിതവും അധികാരികളുടെ കണ്ണു തുറപ്പിക്കുന്നതുമായി.
സമ്മേളന കണ്‍വീനര്‍ ഇ.സി ആഇശയുടെ സമാപന പ്രസംഗം ആവേശോജ്വലവും ചുമതലാബോധം ഉണര്‍ത്തുന്നതുമായിരുന്നു. പ്രസ്ഥാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വഫാ നഗറിലേക്ക് ഒഴുകിയെത്തിയ ആ മഹാ സാഗരത്തെ കൂടെ കൂട്ടി ഈ ഖാഫില മുന്നോട്ടുപോകുമെന്ന ഉഗ്ര പ്രഖ്യാപനം. ഒപ്പം മനുഷ്യാവകാശ പ്രവര്‍ത്തകയായ ഒരു വനിതക്ക് സമ്മേളന നഗരിയിലേക്ക് പ്രവേശനാനുമതി നിഷേധിച്ച് ഒരു സ്ത്രീയുടെ സ്വതന്ത്ര സഞ്ചാരാവകാശത്തെ ചോദ്യം ചെയ്തവര്‍, ഇസ്ലാമാണ് സ്ത്രീസ്വാതന്ത്യ്രത്തിന് തടസ്സം നില്‍ക്കുന്നതെന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കാനുളള മാന്യതയെങ്കിലും കാണിക്കണമെന്ന ശക്തമായ താക്കീതും, ഇത്തരം അടിച്ചമര്‍ത്തലുകളൊന്നും തന്നെ ഈ സാര്‍ഥ വാഹക സംഘത്തെ ഒരിഞ്ചുപോലും പിറകോട്ടു വലിക്കില്ല എന്ന ഉഗ്രമായ മുന്നറിയിപ്പും ഉണ്ടായിരുന്നു ആത്മവിശ്വാസം സ്ഫുരിക്കുന്ന അവരുടെ വാക്കുകളില്‍. തല്ലിക്കെടുത്തുന്തോറും ആളിക്കത്തുന്ന തീനാളത്തിന്റെ ശോഭയുളള തീക്ഷ്ണമായ വാക്കുകള്‍ സൃഷ്ടിച്ച ആത്മവീര്യത്തിന്റെ തേജസ് സദസ്യരുടെ മുഖങ്ങളില്‍ ദര്‍ശിക്കാനായി. സമ്മേളനം വലിയൊരു ചരിത്ര സംഭവമാക്കാന്‍ കഴിവും പ്രാപ്തിയും നല്‍കി അനുഗ്രഹിച്ച കാരുണ്യവാനായ റബ്ബിനെ സാക്ഷിനിര്‍ത്തി അര്‍പ്പണ മനോഭാവവും വിശ്വാസിയുടെ വിനീത മനസ്സും കര്‍മയോഗിയായ പോരാളിയുടെ വീര്യവും സ്വായത്തമാക്കി ചെറുസംഘങ്ങളായി നഗരി വിട്ടിറങ്ങിയ കുടുംബിനികള്‍ അജയ്യനായ നാഥന്റെ സഹായവും കാവല്‍ഭടന്മാരായ അവന്റെ മലക്കുകളുടെ പ്രാര്‍ഥനയും പെയ്തിറങ്ങിയ സ്വഫാ നഗറിനോട് വിങ്ങുന്ന മനസ്സോടെയാണ് യാത്ര ചോദിച്ചത്.
പ്രവാചക മാതൃക പിന്തുടര്‍ന്നുകൊണ്ട് നാളിതുവരെയുളള എല്ലാ പ്രവര്‍ത്തനങ്ങളിലും സ്ത്രീ സാന്നിധ്യം ഉറപ്പുവരുത്താന്‍ പ്രസ്ഥാനം നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടതിന്റെ നിര്‍വൃതിയോടെ, യാഥാസ്ഥിതിക പൌരോഹിത്യ വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പുകളെയും പുരോഗമന പ്രസ്ഥാനങ്ങളുടെ കുപ്രചാരണങ്ങളെയും അവഗണിച്ചുകൊണ്ട് വനിതാ വിഭാഗം നടത്തിയ മുന്നേറ്റങ്ങള്‍ സമൂഹം നെഞ്ചിലേറ്റിയിരിക്കുന്നു എന്ന തിരിച്ചറിവോടെ, ഉണരാന്‍ കൊതിക്കുന്ന പതിനായിരങ്ങള്‍ ഈ പ്രസ്ഥാനത്തിന്റെ അണിയില്‍ ഇടം നേടാന്‍ തുടങ്ങിയിരിക്കുന്നു എന്ന ബോധ്യത്തോടെ, സ്വഫായോട് വിട.
ഇനി പ്രവര്‍ത്തകര്‍ക്ക് വിശ്രമമില്ലാത്ത നാളുകള്‍. ഈ പ്രസ്ഥാനത്തില്‍ വിശ്വാസവും പ്രതീക്ഷയുമര്‍പ്പിച്ച് നിളാ തീരത്ത് ഒത്തുകൂടിയ ലക്ഷത്തില്‍ പരം സ്ത്രീകള്‍ക്ക് ശക്തി പകരാനും, അവരുടെ പ്രശ്നങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനുമുളള ദൌത്യം ചുമലിലേറ്റികൊണ്ടാണ് പ്രവര്‍ത്തകര്‍ നഗരി വിട്ടത്.
'നീ ഒന്നില്‍ നിന്നും വിരമിച്ചാല്‍ മറ്റൊന്നില്‍ വ്യാപൃതനാവുക' എന്ന ഖുര്‍ആന്‍ വചനമുള്‍ക്കൊണ്ടു വിശ്രമമില്ലാത്ത രാപ്പകലുകള്‍ക്കായി കാത്തിരിക്കുക. അതുകൊണ്ടുതന്നെയാണ് സമ്മേളനാനന്തരം എന്ന ഒരു പ്രത്യേക വകുപ്പുകൂടി വകുപ്പു വിഭജനത്തിന്റെ ആദ്യവേളയില്‍ രൂപീകരിച്ചതും. സമ്മേളനോപഹാരമായി പ്രഖ്യാപിച്ചിട്ടുളള വിവിധ ക്ഷേമ പദ്ധതികളും സേവന പരിപാടികളും വ്യവസ്ഥാപിതമായി പൂര്‍ത്തീകരിക്കാനുളള തീവ്ര ശ്രമങ്ങളാണ് ഇനിയുളള നാളുകളില്‍ വേണ്ടത്.
ചവിട്ടിമെതിക്കപ്പെടുന്ന സ്ത്രീത്വത്തിന് മോചനത്തിന്റെ ചക്രവാളം ചൂണ്ടിക്കാണിച്ചുകൊടുത്ത സമ്മേളനം കേവലം ആളെക്കൂട്ടലായിരുന്നില്ല. പടച്ചതമ്പുരാന്‍ സ്ത്രീക്ക് അനുവദിച്ചു നല്‍കിയ അവകാശങ്ങളെക്കുറിച്ച് വ്യക്തവും കൃത്യവുമായ ബോധ്യം പോലുമില്ലാത്തവരാണ് സ്വഫാനഗറില്‍ ഒത്തുകൂടിയ പകുതിയിലധികം പേരും. ഇനിയവര്‍ക്ക് ദിശാബോധം നല്‍കേണ്ടതാര്? ഉണര്‍ന്നുകഴിഞ്ഞവര്‍ക്ക് തുടര്‍മാര്‍ഗദര്‍ശനം നല്‍കാന്‍, ഉണരാന്‍ കൊതിക്കുന്ന എന്നാലിനിയും അടിമത്തത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്ന് മോചിതരായിട്ടില്ലാത്തതിനാല്‍ മനമങ്ങും മിഴിയിങ്ങുമായി വീടുകളില്‍ കഴിയേണ്ടിവന്ന, നഗരിയിലേക്കെത്താന്‍ കഴിയാതെ പോയ പതിനായിരങ്ങള്‍ക്ക് മോചനമാര്‍ഗം തുറന്നുകൊടുക്കാന്‍ ഈ സാര്‍ഥ വാഹക സംഘമല്ലാതെ മറ്റാരുണ്ട്?
ഈ അധിക ഭാരവും ചുമതലയും പേറാനുളള കരുത്ത് നമ്മുടെ ചുമലുകള്‍ക്ക് നല്‍കി അജയ്യനും കാരുണ്യവാനുമായ റബ്ബ് നമ്മെ തുണക്കുമാറാകട്ടെ- ആമീന്‍.
വിപ്ളവത്തിന്റെ ഒരു സ്വര്‍ഗ സ്വപ്നം അടയാളപ്പെടുത്തിയ നിളയുടെ ഓളങ്ങളും മണല്‍തരികളും ചരിത്രത്തിന്റെ ഭാഗമാവുകയല്ല, ഒരു പുതിയ ചരിത്രം സൃഷ്ടിക്കുകതന്നെയാണ്. കേരളത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്തത്; നേരെ പറഞ്ഞാല്‍ ഇവിടത്തെ റാഡിക്കല്‍ ഫെമിനിസ്റുകള്‍ക്ക് പോലും.


 
© www.jihwomenkerala.org