'സ്ത്രീസമൂഹത്തിന്റെ കൂട്ടായ്മ അനിവാര്യം' (1.12.2009)

കരുനാഗപ്പള്ളി: സ്ത്രീസമൂഹത്തിന്റെ കൂട്ടായ്മ സമസ്തമേഖലയിലും ഉയര്‍ന്നുവരണമെന്ന് കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ ഗോവിന്ദകുറുപ്പ്. 'സാമൂഹികവിപ്ലവത്തിന് സ്ത്രീശക്തി' എന്ന മുദ്രാവാക്യവുമായി മലപ്പുറം കുറ്റിപ്പുറത്ത് നടക്കുന്ന ജമാഅത്തെ ഇസ്ലാമി കേരള വനിതാ സമ്മേളനത്തിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി കരുനാഗപ്പള്ളി നോര്‍ത്ത് ഏരിയാ വനിതാ വിഭാഗം ഏരിയാതല പ്രചാരണോദ്ഘാടനം പുത്തന്‍തെരുവ് അല്‍സെയ്ദ് സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്ത്രീസമൂഹം ഇപ്പോഴും അക്രമിക്കപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. ഇത് മാറണമെങ്കില്‍ കൂടുതല്‍ കഴിവുകള്‍ ആര്‍ജിച്ച് മുഖ്യധാരയിലെത്തണം. സ്ത്രീകള്‍ക്ക് നിയമപരിരക്ഷ നല്‍കുന്നുണ്ടെങ്കിലും എത്രത്തോളം പ്രാവര്‍ത്തികമാകുന്നുണ്ടെന്ന് പരിശോധിക്കണം. സ്ത്രീധന നിരോധ നിയമവും മറ്റും ഉണ്ടെങ്കിലും എത്രത്തോളം പ്രാവര്‍ത്തികമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇതിനെല്ലാം പരിഹാരം കാണാന്‍ സ്ത്രീകളുടെ കൂട്ടായ്മയാണ് ആവശ്യമെന്നും അവര്‍ പറഞ്ഞു. സമ്മേളനത്തിന്റെ മുന്നോടിയായി വിദ്യാര്‍ഥിനികള്‍ക്കും വനിതകള്‍ക്കുമായി നടത്തിയ ഖുര്‍ആന്‍ പാരായണം, കവിത, കഥ, പദ്യം, മാപ്പിളഗാനം തുടങ്ങിയ മല്‍സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങളും ട്രോഫികളും ജഗദമ്മ ഗോവിന്ദകുറുപ്പ് വിതരണം ചെയ്തു. ജമാഅത്തെ ഇസ്ലാമി വനിതാ മുന്‍ ജില്ലാ പ്രസിഡന്റ് ഹലീമ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി വനിതാ ജില്ലാ പ്രസിഡന്റ് സീനത്ത് നിസാമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റംലാ റഹീം, ഓച്ചിറ ഗ്രാമപഞ്ചായത്തംഗം ഉഷാകുമാരി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി കരുനാഗപ്പള്ളി നോര്‍ത്ത് ഏരിയാ വനിതാ വിഭാഗം കണ്‍വീനര്‍ ഫാത്തിമ്മാബീഗം ഷംസുദ്ദീന്‍ സ്വാഗതവും സെക്രട്ടറി ഷൈല ശുക്കൂര്‍ നന്ദിയും പറഞ്ഞു. ജി.ഐ.ഒ ജില്ലാ സമിതിയംഗം ആമിന ഷംസുദ്ദീന്‍ ഖിറാഅത്ത് നിര്‍വഹിച്ചു.

നൂറോളം ചുമരുകളില്‍ സന്ദേശ വിളംബരം (1.12.2009)

കണ്ണൂര്‍: സ്വഫാ നഗറിലേക്കുള്ള സന്ദേശം എല്ലാ കണ്ണും കാതും ശ്രദ്ധിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികള്‍ ആവീഷ്കരിച്ചതായി പ്രചാരണ വിഭാഗം കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ എ.ടി സമീറ അറിയിച്ചു. ജില്ലയിലെ നൂറോളം ചുമരുകളില്‍ സമ്മേളന വിളംബരം നടന്നുകഴിഞ്ഞു. എട്ട് ഏരിയകളില്‍ നടന്ന വിളംബര സമ്മേളനങ്ങളില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ പങ്കാളികളായി. ഒക്ടോബര്‍ 21ന് ജില്ലയിലുടനീളം പ്രഖ്യാപന ദിനമായി ആചരിച്ചു. 60 കേന്ദ്രങ്ങളില്‍ സ്ത്രീസമ്പര്‍ക്കങ്ങളിലൂടെ ആയിരങ്ങള്‍ക്ക് സന്ദേശം കൈമാറി. സ്ത്രീശാക്തീകരണത്തിന്റെ സന്ദേശവാഹകരാവാനുള്ള പുത്തന്‍ തലമുറയുടെ ആവേശകരമായ സന്നദ്ധതയെ വിളിച്ചറിയിച്ച് നവംബര്‍ ഒന്നിന് നടന്ന പ്രസംഗകരുടെ ശില്‍പശാലയില്‍ നൂറോളം പേരാണ് പങ്കെടുത്തത്.
നവംബര്‍ 15 മുതല്‍ 30 വരെ ആഭ്യന്തര ശാക്തീകരണ പാക്ഷികമായി ആചരിക്കും. ഡിസംബര്‍ മാസം ജനസമ്പര്‍ക്ക മാസമായി ആചരിക്കും. ജില്ലയില്‍ പതിനായിരം വീടുകള്‍ സന്ദര്‍ശിക്കും. അരലക്ഷം സ്ത്രീകളുമായി കൂടിക്കാഴ്ച നടത്തും. നാട്ടുകൂട്ടങ്ങള്‍, കുടുംബ യോഗങ്ങള്‍, മദേര്‍സ് മീറ്റ്, ടേബിള്‍ടോക്ക് തുടങ്ങിയ വിപുലമായ പ്രചാരണ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. തീരദേശങ്ങളില്‍ ജനസേവന പദ്ധതിക്കും രൂപം നല്‍കി.

 
 

 

 

 

 

 
 
 
 
©2009. all rights reserved for Jamaath-e-Islami Hind, Kerala.