January 11, 2010
രക്തബന്ധത്തിലൂടെയും വിവാഹബന്ധത്തിലൂടെയും രൂപം കൊള്ളുന്ന സമൂഹത്തിന്റെ അടിസ്ഥാന യൂനിറ്റാണ് കുടുംബം. ഒരുമിച്ച് ഒരു വീട്ടില്‍ താമസിക്കുന്ന ഈ കൂട്ടായ്മ വ്യക്തിയേയും സമൂഹത്തേയും ബന്ധിപ്പിക്കുന്ന പാലമായി വര്‍ത്തിക്കുന്നു. സംസ്കാരത്തിന്റെയും പൂരോഗതിയുടെയും വിത്തുകള്‍ മുളയ്ക്കുകയും പാകപ്പെടുകയും ചെയ്യുന്നത് ഇവിടെയാണ്. കുടുംബം എന്ന പദം സൂചിപ്പിക്കുന്നതുപോലെ കൂടുമ്പോള്‍ ഇമ്പം തോന്നുകയും പിരിയുമ്പോള്‍ വേദനിക്കുകയും ചെയ്യുന്ന കൂട്ടായ്മ.
പക്ഷേ സമകാലിക ലോകം നമ്മെ ബോധ്യപ്പെടുത്തുന്നു; മനുഷ്യ നാഗരികതയുടെ അടിസ്ഥാനമാകേണ്ട ഈ കോട്ടയിലും വിള്ളലുകള്‍ വീണുകൊണ്ടിരിക്കുന്നുവെന്ന്. പാശ്ചാത്യരും പൌരസ്ത്യരും കിഴക്കും പടിഞ്ഞാറുമൊക്കെ ഏറിയും കുറഞ്ഞും ഈയൊരു നഷ്ടപ്പെടലില്‍ പങ്കുചേരുന്നു.
പ്രാചീന മനുഷ്യന്‍ കുടുംബമായിട്ടല്ല കഴിഞ്ഞുകൂടിയതെന്നും കാര്‍ഷിക വൃത്തിയുടേയും മറ്റും ഘട്ടങ്ങളില്‍ കുടുംബങ്ങളായി കൂട്ടുകൂടാന്‍ തുടങ്ങിയെന്നാണ് നരവംശശാസ്ത്രജ്ഞരുടെ നിഗമനം. എന്നാല്‍ ഇതിന് ചരിത്രത്തിന്റെ വ്യക്തമായ പിന്തുണയില്ലെന്നതാണ് വസ്തുത.
ഏതെണ്ടെല്ലാ മതങ്ങളും കുടുംബത്തെ ദൈവിക സ്ഥാപനമായാണ് കാണുന്നത്. സെമിറ്റിക് മതങ്ങളായ ക്രിസ്തുമതവും ഇസ്ലാമുമൊക്കെ മനുഷ്യജീവിതം ഭൂമിയില്‍ ആരംഭിച്ചത് കുടുംബ ഘടനയോടെയാണെന്ന വിശ്വാസത്തിന് ഊന്നല്‍ നല്‍കുന്നു. ക്രിസ്തുമതത്തില്‍ പുരുഷന്റെയും സ്ത്രീയുടെയും ജന്മോദ്ദേശ്യം പിതാവും മാതാവുമാകലാണെന്നും ദൈവം കൂട്ടിയിണക്കിയതിനെ വേര്‍പെടുത്താന്‍ മനുഷ്യന്‍ക്ക് അവകാശമില്ലെന്നുമുള്ള കാഴ്ചപ്പാടും ഈ വിശ്വാസത്തിന്റെ ഭാഗമാണ്. അതേസമയം കുടുംബജീവിതത്തില്‍നിന്ന് അകറ്റിനിറുത്തപ്പെട്ട വൈദിക വിഭാഗത്തേയും ഈ സമൂഹത്തില്‍ നമുക്ക് കാണാം. കെട്ടുറപ്പുള്ള കുടുംബത്തെക്കുറിച്ച് ഋഗ്വേദത്തിലും അഥര്‍വ വേദത്തിലും പ്രതിപാദിക്കുന്നു. ദമ്പതികളായി ജീവിതകാലം കഴിക്കേണ്ടത് എപ്രകാരമെന്നും വേദങ്ങളില്‍ പരാമര്‍ശിക്കുന്നു. പുരാതന നാഗരിതകളില്‍ പ്രധാനമായ ഗ്രീക്ക് റോമന്‍ സംസ്കാരങ്ങളില്‍ കുടുംബജീവിതം അംഗീകരിക്കപ്പെട്ടിരുന്നുവെങ്കിലും വേശ്യാവൃത്തിയും ജാരസംസര്‍ഗവും വ്യാപകവും പരസ്യവുമായിരുന്നു.
മനുഷ്യകുലത്തെ ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് വ്യാപിപ്പിച്ചിട്ടുള്ളതെന്നും കുടുംബബന്ധങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതാണെന്നും വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. മനുഷ്യന്‍ കുടുംബമായാണ് ജീവിതം ആരംഭിച്ചതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഇങ്ങനെ ഇണകളാക്കി സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യവും വിശദീകരിക്കുന്നുണ്ട്.
പരസ്പരം പ്രേമവും കാരുണ്യവും പകര്‍ന്ന് ആശ്വാസത്തോടെ മുന്നോട്ടുപോകുകയാണ് ഇണകളുടെ ഉത്തരവാദിത്തം. ജീവനുള്ള ഓരോ കണികയും സൃഷ്ടിക്കപ്പെട്ടത് ഇണകളായിട്ടാണെന്ന സത്യം ഇവിടെ വ്യക്തമാക്കപ്പെടുന്നു. കുടുംബജീവിതത്തെ പുണ്യകര്‍മമായാണ് ഇസ്ലാം കാണുന്നത്. വിവാഹത്തോടെ മതത്തിന്റെ മൂന്നില്‍രണ്ട് പൂര്‍ത്തീകരിച്ചുവെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. വിവാഹജീവിതത്തിനും കുടുംബജീവിതത്തിനും വേണ്ട എല്ലാ മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട് വിശുദ്ധ ഖുര്‍ആനില്‍. ഇണകളുടെ അവകാശ ബാധ്യതകള്‍, രക്ഷിതാക്കള്‍ക്ക് സന്താനങ്ങളോടും തിരിച്ചുമുള്ള അവകാശങ്ങളും കടപ്പാടുകളും, ഒക്കെ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. വിവാഹമോചനം അനന്തരാവകാശം എന്നിവക്കുള്ള നിയമങ്ങളടക്കം എല്ലാ വശങ്ങളും പരാമര്‍ശിക്കപ്പെടുന്നു. വിവാഹത്തെ സുശക്തമായ ഒരു കരാറായാണ് വിശേഷിപ്പിക്കുന്നതെങ്കിലും സങ്കീര്‍ണമായ സന്ദര്‍ഭങ്ങളില്‍ അനുവദനീയങ്ങളില്‍ വെച്ചേറ്റവും വെറുക്കപ്പെട്ടതെന്ന നിലയില്‍ വിവാഹമോചനം ഇസ്ലാമില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഇസ്ലാമില്‍ കുടുംബത്തിന്റെ രക്ഷാകര്‍തൃത്വം പുരുഷനിലാണ്. അധ്വാനശേഷിയും വിവാഹസമ്മാനം കൊടുക്കാനുള്ള കഴിവും ഉള്ളവനോടാണ് വിവാഹത്തിന് കല്‍പ്പിക്കപ്പെട്ടത്. അതിസമ്പന്നയാണെങ്കില്‍ പോലും കുടുബത്തിന്റെ സാമ്പത്തിക ബാധ്യത ഇസ്ലാം സ്ത്രീയില്‍ അര്‍പ്പിച്ചിട്ടില്ല. എന്നാല്‍ ഗര്‍ഭധാരണം, മാതൃത്വം എന്നിവ മാതാവിനുള്ള വ്യത്യസ്തതയും ചുമതലാബോധവും തെര്യപ്പെടുത്തുന്നു. എല്ലാ ജന്തുജാലങ്ങളിലും കുഞ്ഞുങ്ങള്‍ക്ക് മാതാവുമായുള്ള ബന്ധം പിതാവിനോടുള്ളതു പോലെയല്ല. മാതൃസാമീപ്യവും പരിപാലനവും കുഞ്ഞുങ്ങളുടെ അവകാശമായി ഇസ്ലാം കാണുന്നു. അതിനാലാണ് സന്താനങ്ങളെ സംബന്ധിച്ചിടത്തോളം പിതാവിനെക്കാളും മൂന്നുമടങ്ങ് പദവിയും പ്രാധാന്യവും മാതാവിന് കല്‍പ്പിച്ചുകൊടുത്തത്. എന്നാല്‍ ശിക്ഷണ ശീലങ്ങള്‍ നല്‍കി കുഞ്ഞുങ്ങളെ സംസ്കൃതചിത്തരാക്കി വളര്‍ത്തുന്നതില്‍ ഇരുവര്‍ക്കും തുല്യപങ്കുണ്ട്. ഇക്കാര്യം ദൈവത്തിങ്കല്‍ ഉത്തരം ബോധിപ്പിക്കേണ്ട ബാധ്യതയായി പ്രവാചകന്‍ പഠിപ്പിച്ചു. പിതാവ് മകനെ ഉപദേശിക്കുന്നതിന്റെ മാതൃകാ ചിത്രവും ഖുര്‍ആന്‍ വരച്ചുകാട്ടുന്നു. ആദര്‍ശവും പെരുമാറ്റ ശീലങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ വശങ്ങളും ഇതില്‍ കടന്നുവരുന്നു. മറ്റൊരു വശത്ത് വാര്‍ധക്യകാലത്ത് മാതാപിതാക്കള്ക്ക് കാരുണ്യത്തിന്റെ നീരുറവ തുറന്നുകൊടുക്കാന്‍ കര്‍ശനമായി കല്‍പ്പിക്കുന്നു.
സ്ത്രീയൂം പുരുഷനും പരസ്പരം ആശ്രയിച്ചും അര്‍പ്പിച്ചും ജീവിക്കുക എന്നത് കുടുംബജീവിതത്തിന്റെ അനിവാര്യ അടിത്തറയാണ്. വൈജ്ഞാനിക രംഗത്തും സാങ്കേതിക രംഗത്തും വിസ്ഫോടനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സമകാലിക സമൂഹത്തിലേക്ക് തിരിയുമ്പോള്‍ ബന്ധങ്ങളെക്കുറിച്ച കാഴ്ചപ്പാടുകളില്‍ വന്‍മാറ്റങ്ങള്‍ നാം കാണുന്നു. വ്യാവസായിക വിപ്ളവത്തിന്റെ ഫലമായി സ്ത്രീകള്‍ കൂടുതലായി തൊഴില്‍ രംഗത്തേക്ക് ഇറങ്ങുകയും സാമ്പത്തിക സ്വാശ്രയത്വം നേടുകയും ചെയ്തപ്പോള്‍ പുരുഷനാണ് കുടുംബത്തിന്റെ ഏകാശ്രയമെന്ന അവസ്ഥ മാറുകയും ബന്ധങ്ങളെക്കുറിച്ച കാഴ്ചപ്പാടുകളില്‍ അയവ് വരുകയും ചെയ്തു. ഏതാണ്ട് ഇതേകാലത്ത് ഉദയം ചെയ്ത പാശ്ചാത്യന്‍ ഫെമിനിസ്റ്റ് ചിന്തയും ധര്‍മത്തേയും സദാചാരത്തേയും കുറിച്ച അപക്വമായ നിലപാടുകളുമൊക്കെ ചേര്‍ന്നപ്പോള്‍ കുടുംബത്തിന്റെ തകര്‍ച്ചക്ക് ആക്കം കൂടി. പങ്കാളി എന്ന നിലയില്‍ സ്ത്രീ അനുഭവിച്ചുകൊണ്ടിരുന്ന അടിച്ചമര്‍ത്തലുകള്‍ക്കും ഈ മാറ്റങ്ങളില്‍ പങ്കുണ്ട്. കുടുംബത്തിലും സമൂഹത്തിലും സ്ത്രീയുടെ ഇടങ്ങളെക്കുറിച്ച് ഉറക്കെയുള്ള ചിന്തകള്‍ ഗുണപരമായ ഫലങ്ങള്‍ ഉല്‍പാദിപ്പിച്ചതിനോടൊപ്പം കുടുംബിനിയുടേയും മാതാവിന്റേയും റോളുകള്‍ മാറ്റുകുറഞ്ഞ ഒന്നായി വിലയിരുത്തപ്പെടാനും കാരണമായി.
വ്യവസ്ഥാപിതമായ കുടുംബം ഒരു കോട്ടക്ക് തുല്യമാണ്. അവിടം, മനുഷ്യന്റെ അടിസ്ഥാന ജൈവിക, ഭൌതിക വൈകാരിക ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഇടം കൂടിയാണ്. ഋതുഭേദങ്ങളില്ലാതെ മനുഷ്യനില്‍ നിര്‍ലീനമായ ജൈവികാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് സുരക്ഷിതമായൊരു സംവിധാനം വൈവാഹിക ജീവിതത്തോടെ ഇണകള്‍ക്ക് വന്നുചേരുന്നു. കുത്തഴിഞ്ഞ ലൈംഗികജീവിതം മനുഷ്യനെ വൈയക്തികവും സാമൂഹികവുമായ ജീര്‍ണതയിലെത്തിക്കുന്നു. സമൂഹത്തിന്റെ നൈര്‍മല്യവും സംസ്കാരവും വിശുദ്ധിയും അതോടെ തകര്‍ച്ചയിലേക്കാണ് പോകുക. കൂടാതെ ലൈംഗിക അരാജകത്വം തീരാരോഗങ്ങളുടേയും പകര്‍ച്ചാവ്യാധികളുടേയും ഇരകളേയാണ് സൃഷ്ടിക്കുകയെന്ന അനുഭവ യാഥാര്‍ഥ്യം ചരിത്രത്തില്‍നിന്നും വര്‍ത്തമാന കാലത്തുനിന്നും നമുക്ക് വായിച്ചെടുക്കാം.
മനുഷ്യവംശത്തിന്റെ സംസ്കൃതമായ നൈരന്തര്യത്തിന് കുടുംബസംവിധാനം പോലെ ഫലവത്തായ മറ്റൊരു ഏര്‍പ്പാടും എവിടെയും കണ്ടിട്ടില്ല. ശിക്ഷണം നല്‍കപ്പെടാനും പരിപാലിക്കപ്പെടാനും ഭൂമിയിലെ ഏറ്റവും അനുയോജ്യമായ ഇടം കുടുംബമെന്നത് അനിഷേധ്യ സത്യമാണ്. ശിഥിലമായ ബന്ധങ്ങളിലെ തലമുറകള്‍ പ്രതികാര ചിന്തയുടേയും ഒറ്റപ്പെടലിന്റെയും വൈകാരിക വിക്ഷോഭങ്ങളുടേയും അടിമകളായിരിക്കും. കുടുംബമെന്ന മഹാവൃക്ഷമാകട്ടെ അന്നവും അസ്തിത്വവും നല്‍കി പുതുനാമ്പുകള്‍ക്ക് സാമൂഹിക ജീവിതത്തിനാവശ്യമായ കെല്‍പും ചുറ്റുപാടും ഒരുക്കുന്നു. ജീവജാലങ്ങളില്‍വെച്ച് ഏറ്റവും നിസ്സഹായനും ദുര്‍ബലനുമായി പിറന്നുവീഴുന്ന മനുഷ്യക്കുഞ്ഞിനെ സംബന്ധിച്ചിടത്തോളം ഇങ്ങനെ ഒരു പരിപാലനവും താങ്ങും അത്യന്താപേക്ഷിതമാണ്. ഇണകള്‍ക്കാണെങ്കില്‍ കൊണ്ടും കൊടുത്തും ജീവിതത്തിലേക്ക് വേണ്ടുന്ന കോപ്പുകള്‍ ഒരുക്കാന്‍ അവസരം ലഭിക്കുന്നു. അവശതയും ആവലാതികളും ബാക്കിയാകുന്ന വാര്‍ധക്യത്തിന് ആശയും ആശ്വാസവും ലഭിക്കേണ്ടത് ഈ തണലില്‍നിന്നാണ്.
എന്നാല്‍, മനുഷ്യനെ കേവലം ജഡികാസ്തിത്വം മാത്രമായി കാണുന്ന ചിന്താപ്രസ്ഥാനങ്ങള്‍ കുടുംബത്തിന്റെ ശൈഥില്യത്തിന് ഒരളവോളം കാരണമായി. കുടുംബം സ്വകാര്യസ്വത്ത് സംരക്ഷണത്തിന് മനുഷ്യന്‍ കണ്ടുപിടിച്ച ഏര്‍പ്പാടാണെന്ന വാദവും മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം ആസ്വാദനം മാത്രമാണെന്നും ഒക്കെയുള്ള വാചോടാപങ്ങള്‍ സമൂഹഘടനയില്‍ വലിയ കോളിളക്കമുണ്ടാക്കി. മനുഷ്യന്റെ വികാരപൂര്‍ത്തീകരണം പില്‍ക്കാല ബാധ്യതകളൊന്നും അവശേഷിപ്പിക്കാതെ കേവലം ചില്ലിത്തുട്ടുകളിലൂടെ നേടാവുന്ന ഒന്നായി മാറിയത് കുടുംബവും കുഞ്ഞുങ്ങളുമെന്ന വയ്യാവേലിയില്‍നിന്ന് രക്ഷപ്പെടാനുള്ള വഴിയായി. തങ്ങളുടെ ശരീരങ്ങളുടെ പരമാധികാരം അവരവര്‍ക്കായതുകൊണ്ട് അത് മറ്റേതൊരു ചരക്കുപോലെയും വിപണനനം നടത്താവുന്ന ഒന്നാണെന്ന ലിബറല്‍ ചിന്താഗതി കുടുംബത്തിന്റെ കെട്ടുറപ്പിനെ ബാധിച്ചു. അങ്ങനെ സന്താനങ്ങള്‍ ഭാരമാണെന്നും ബന്ധങ്ങള്‍ ബന്ധനമാണെന്നും ചിന്തിക്കുന്നവരുടെ എണ്ണം കൂടിവന്നു. വിവാഹമെന്ന കെട്ടുപാടില്ലാതെ തോന്നുമ്പോള്‍ കൂടിജീവിക്കുകയും മടുക്കുമ്പോള്‍ ഇട്ടെറിഞ്ഞ് പിരിയുകയും ചെയ്യുന്ന സംസ്കാരം വളര്‍ച്ചയുടെയും പുരോഗതിയുടെയും ലക്ഷണമായി വിലയിരുത്തി. യഥാര്‍ഥ മാതാപിതാക്കള്‍ക്ക് പകരം രണ്ടാനമ്മമാരുടെയും രണ്ടാനച്ഛന്മാരുടെയുമൊക്കെ കൂടെ ജീവിക്കാന്‍ തുടങ്ങിയ ഹതഭാഗ്യരായ തലമുറ യൂറോപ്പിന്റെ മുഖമുദ്രയായി. ഈ സംസ്കാരത്തെ നമ്മുടെ നാട്ടിലെ പുരോഗമനവാദികള്‍ ആരാധനയോടെ കാണാന്‍ തുടങ്ങിയപ്പോഴേക്കും പാശ്ചാത്യന്‍ ജനതക്ക് അതിരുകളില്ലാത്ത ഈ സ്വാതന്ത്യ്രം മടുത്തുതുടങ്ങി. ബ്രിട്ടനിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത് കുടുംബവ്യവസ്ഥയിലേക്ക് തിരിച്ചുപോകണമെന്നാണ്. പുരോഗമനത്തിനുവേണ്ടിയുള്ള പാച്ചിലില്‍ വളരെയധികം ചര്‍ച്ചചെയ്യപ്പെട്ട മറ്റൊരു വിഷയം സമൂഹത്തിന്റേയും കുടുംബത്തിന്റേയും നേര്‍പകുതിയും നാഗരികതയുടേയും തലമുറകളുടേയും ശില്‍പിയുമായ സ്ത്രീയുടെ, സ്ഥാനവും അവകാശങ്ങളുമാണ്. ജീവിതപങ്കാളിയെന്ന നിലയിലും മനുഷ്യജീവിതത്തിന്റെ നേര്‍പകുതിയെന്ന നിലയിലും പരമ്പരാഗത സംസ്കാരങ്ങളിലും ചുറ്റുപാടുകളിലും സ്ത്രീ അനുഭവിച്ചുകൊണ്ടിരുന്ന അടിച്ചമര്‍ത്തലുകളുടേയും വിങ്ങലുകളുടേയും പൊട്ടിത്തെറികളാണ് ലോകമെമ്പാടും വ്യാപകമായ ഫെമിനിസ്റ് ചിന്താഗതികളിലൂടെ പുറത്തുവന്നത്. പലപ്പോഴും കുടുംബമെന്നത് ഒരധികാര സ്ഥാപനമായി മാറുകയും ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവളുമായി ജീവിതപങ്കാളികള്‍ മാറുകയും ചെയ്തു. ഈ ദുരവസ്ഥയില്‍നിന്നുള്ള മോചനം മറ്റൊരു ആത്യന്തികതയിലേക്കാണ് സ്ത്രീയെ കൊണ്ടെത്തിച്ചത്. പുരുഷന്റെ ഉടുപ്പും നടപ്പും പുരുഷന്‍ ചെയ്യുന്ന ജോലികളും അനുകരിക്കലാണ് സമത്വത്തിലേക്കുള്ള മാര്‍ഗമെന്ന് അവള്‍ തെറ്റിദ്ധരിച്ചു. പക്ഷേ ആ യാത്രയില്‍ അവള്‍ക്ക് നഷ്ടപ്പെട്ടത് നീതിയായിരുന്നു, അഭിമാനമായിരുന്നു. മിനി സ്കര്‍ട്ടുകളും നിര്‍ബന്ധിതമായ പൊതു തൊഴിലിടങ്ങളും ബാഹ്യമായി സ്വാതന്ത്യ്രമെന്ന് തോന്നിച്ചപ്പോഴും പാശ്ചാത്യന്‍ സ്ത്രീ പോലും ലൈംഗിക ചൂഷണത്തിന്റേയും ഇരട്ട ഉത്തരവാദിത്തത്തിന്റേയും ഭാരത്തില്‍ ഞെരിയുകയായിരുന്നു. ഉദ്യോഗങ്ങളില്‍നിന്ന് വരുമാനം സമ്പാദിക്കുന്ന അതേ സ്ത്രീ തന്നെയാണ് കുടുംബഭാരങ്ങളും ചുമലേറ്റേണ്ടി വന്നത്. ഭാരം ലഘൂകരിക്കുന്നതിനുള്ള പരിഹാരമായി ഡേകെയര്‍ സെന്ററുകളും ബോര്‍ഡിംഗ് സ്കൂളുകളും മാതാക്കളുടെ സ്ഥാനമേറ്റെടുത്തു. പക്ഷേ തലമുറകളെ സംബന്ധിച്ചിടത്തോളം അത് ദൌര്‍ഭാഗ്യത്തിന്റെ തുടക്കമായിരുന്നു. ഈ ദുരന്തത്തെക്കുറിച്ചാണ് കമ്മ്യൂണിസ്റ് സോവ്യറ്റ് യൂനിയന്റെ പ്രസിഡന്റ് ഗോര്‍ബച്ചേവ് തന്റെ പെരിസ്ട്രോയിക്കയിലൂടെ വിലപിച്ചത്.
ജീവിതത്തെക്കുറിച്ച കാഴ്ചപ്പാടുകള്‍ ഒരു പുതിയ കുടുംബത്തിന്റെ തുടക്കത്തില്‍ വലിയ പങ്കുവഹിക്കുന്നു. മനുഷ്യന് ജീവിതത്തില്‍ തെരഞ്ഞെടുപ്പു നടത്താന്‍ അവകാശം ലഭിച്ച ഏക ബന്ധം വൈവാഹിക ബന്ധമാണ്. അതിനാല്‍ ഇണകളെ തെരയുമ്പോഴുള്ള മുന്‍ഗണനാക്രമങ്ങള്‍ തീര്‍ച്ചയായും ഭാവിജീവിതത്തെ ചെറുതല്ലാതെ ബാധിക്കുന്നുണ്ട്. ആകാരം, സംസ്കാരം, സാമ്പത്തികം തുടങ്ങി പലഘടകങ്ങളും പരിഗണനാ വിഷയമാകുന്നു. പലപ്പോഴും പണത്തോടുള്ള ആര്‍ത്തി മറ്റെല്ലാ പരിഗണനകളേയും കവച്ചുവെക്കുന്നു. പെണ്ണിനോടൊപ്പം പൊന്നും പണവും തൂക്കി നല്‍കുന്ന സ്ത്രീധന ഏര്‍പ്പാട് ഇതിന്റെ ഭാഗമായി വന്നതാണ്. വര്‍ധിച്ചുവരുന്ന ഗാര്‍ഹിക പീഢനങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും കൊലപാതകങ്ങള്‍ക്കു വരെയും ഇതു കാരണമാകുന്നു. പെണ്‍ഭ്രൂണഹത്യ ഒരു ദുരന്തമായി സമൂഹത്തെ ഗ്രസിച്ചതും ഈ പശ്ചാത്തലത്തിലാണ്. അഞ്ഞൂറു രൂപ മുടക്കി ഭാവിയിലെ അഞ്ച് ലക്ഷം ലാഭിക്കൂ എന്ന് ഭ്രൂണഹത്യാ ക്ളിനിക്കുകള്‍ ബോര്‍ഡുകള്‍ തൂക്കിയത് ഇങ്ങനെയാണ്. ജനിച്ചുപോയ പെണ്‍മക്കളെ വിവാഹം കഴിപ്പിച്ച ബാധ്യതകള്‍ താങ്ങാനാവാതെ ആത്മഹത്യകളില്‍ അഭയം തേടുന്ന രക്ഷിതാക്കളും പത്രകോളങ്ങളില്‍ നിറയുന്നു.
മനുഷ്യ കഴിവിന് അതീതമായ സൌന്ദര്യത്തോടുള്ള അമിതഭ്രമം ഇണയെ തെരഞ്ഞെടുക്കുമ്പോള്‍ പലപ്പോഴും മുന്നില്‍നില്‍ക്കുന്നു. ഇവയൊക്കെയും സ്ത്രീയെ സംബന്ധിച്ചിടത്തോളം കുടുംബജീവിതത്തിലേക്ക് പ്രവേശനത്തിനുള്ള യോഗ്യതകളായി നിശ്ചയിക്കപ്പെട്ടു. ആധുനിക മനുഷ്യനെ അപകടകരമാംവിധം ഗ്രസിച്ച മുതലാളിത്ത സംസ്കാരത്തിന്റെ ഉപഭോഗ തൃഷ്ണക്കും ഈ വളര്‍ച്ചയില്‍ പങ്കുണ്ട്. അധ്വാനിക്കാതെ സമ്പന്നനാകാനുള്ള വഴികളാണല്ലോ ആധുനിക മനുഷ്യന്‍ തെരയുന്നത്. ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവും സിനിമാ സീരിയല്‍ ലോകവും സ്ത്രീ സൌന്ദര്യത്തെക്കുറിച്ച കാഴ്ചപ്പാടുകള്‍ തിരുത്തിക്കുറിച്ചു.
ഇങ്ങനെ തെറ്റായ അടിസ്ഥാനങ്ങളില്‍ കെട്ടിപ്പൊക്കിയ ഒരു സൌധമായി കുടുംബജീവിതം തുടരുമ്പോള്‍ ആത്മാര്‍ഥത കുറഞ്ഞ, എപ്പോള്‍ വേണമെങ്കിലും അഴിഞ്ഞുവീഴാവുന്ന കണ്ണകളായി ബന്ധങ്ങള്‍ മാറുന്നു. കുടുംബത്തില്‍ തുല്യപങ്കാളികളായ പുരുഷന്റേയും സ്ത്രീയുടേയും ഇടങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കുടുംബങ്ങള്‍ വെറും അധികാര സ്ഥാപനങ്ങളും ഭാര്യ ഭരിക്കപ്പെടേണ്ടവളും ഭര്‍ത്താവ് ഭരിക്കേണ്ടവനുമാണെന്ന നില, ഇണകളെന്ന മാതൃകാ സങ്കല്‍പത്തിന് വിരുദ്ധമായി. സ്ത്രീയും പുരുഷനും പരസ്പരം മല്‍സരിച്ച് ജയിക്കേണ്ടവരല്ല. പ്രകൃത്യാലുള്ള ബാധ്യതകള്‍ വെച്ചുമാറേണ്ടവരുമല്ല. പ്രേമവും കാരുണ്യവും വിതറി ഒന്നുമറ്റൊന്നിനെ പൂരിപ്പിച്ച് മുന്നോട്ടു പോകുകയാണ് വേണ്ടത്. സമകാലിക മനുഷ്യനെ ആമൂലം ഗ്രസിച്ചിരിക്കുന്ന ജീര്‍ണതയുടെ എല്ലാ ഭാരങ്ങളും കുടുംബത്തേയും ബാധിച്ചു. ധാര്‍മിക രംഗത്തും സദാചാര മേഖലകളിലും മനുഷ്യന് സംഭവിച്ച അധപതനത്തിന്റെ അലയൊലികള്‍ വീടകങ്ങളിലും പ്രതിധ്വനിക്കുന്നു.
ആഘോഷങ്ങളുടെയും പൊങ്ങച്ച പ്രകടനങ്ങളുടേയും കൂത്തമ്പലങ്ങളായി സമൂഹങ്ങള്‍ മാറി. മദ്യപാനവും ലഹരി ഉപയോഗവും മാന്യതയുടേയും ഔന്നത്യത്തിന്റേയും മാനദണ്ഡമായി മാറിയത് വ്യക്തികളേയും കുടുംബത്തേയും മാത്രമല്ല രാഷ്ട്രത്തെപ്പോലും നശിപ്പിക്കാന്‍ പോന്ന ഒന്നാണ്. ഉള്ളറകളില്‍ ഒളിച്ചുകടത്തപ്പെട്ടിരുന്ന മദ്യക്കുപ്പികള്‍ റേഷന്‍കടകളിലെപ്പോലെ പരസ്യമായി ക്യൂ നിന്ന് നട്ടുച്ചക്കും പാതിരാത്രിക്കും വാങ്ങുന്ന ദൃശ്യം സമൂഹത്തെ സംബന്ധിച്ചിടത്തോളം ഒരു അളവുകോലാണ്. ഉത്സവ സീസണുകളില്‍ കേരളീയന്‍ കുടിക്കുന്ന വെള്ളത്തേക്കാള്‍ മദ്യത്തിന്റെ അളവ് നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പൌരന്റെ ആരോഗ്യം, സ്ത്രീകളുടേയും കുട്ടികളുടേയും കണ്ണൂനീരും അലമുറയും, അലങ്കോലമാക്കപ്പെടുന്ന കുടുംബങ്ങള്‍, പാഴാവുന്ന മനുഷ്യവിഭവങ്ങള്‍, എന്നിവയെക്കാളൊക്കെ ദീര്‍ഘ ദൃഷ്ടിയുള്ള സര്‍ക്കാരിന്റെ നോട്ടം രാവിലേയും വൈകുന്നേരവും കിട്ടാനുള്ള എക്സൈസ് വരുമാനത്തിലാണ്. മുതലാളിമാര്‍ വിപണനത്തിന്റെ എല്ലാ സാധ്യതകളിലും ഊളിയിട്ട്, പരസ്യങ്ങളിലൂടെയും ചിത്രീകരണങ്ങളിലൂടെയും ലഹരിയില്ലാതെ ആഘോഷമില്ലെന്ന അവസ്ഥ ഉണ്ടാക്കിത്തീര്‍ത്തു. പിതാവ് പുത്രനേയും അമ്മ മകനേയും ഭര്‍ത്താവിനേയും തിരിച്ചും ഒക്കെ നടക്കുന്ന കൊലപാതകങ്ങള്‍ ഒരുവശത്ത്, ലഹരി തലക്കുകയറിയാല്‍ മകളെയും അമ്മയെയയും സഹോദരിയേയും തിരിച്ചറിയാത്ത ഭ്രാന്തന്‍ വികാരങ്ങളുമായി വീടകങ്ങളില്‍ കാലുകുത്തുന്ന പുരുഷന്മാരുമായി നമ്മുടെ നാട് മദ്യപാനത്തെ ആഘോഷിക്കുകയാണ്. ദാരിദ്യ്രത്തിലേക്ക് കൂപ്പുകുത്തുന്ന കുടുബങ്ങളും, വിദ്യാഭ്യാസം മുരടിച്ചും നിലച്ചു പോകുന്ന ഇളം തലമുറയും മദ്യക്കച്ചവടത്തിന്റെ ശേഷിപ്പുകളില്‍ ചിലതാണ്.
മുതലാളിത്തത്തിന്റെയും ആഗോളവല്‍ക്കരളത്തിന്റെയും ഫലമായ ഉപഭോഗസംസ്കാരം ഗ്രാമങ്ങളുടെ ഉള്ളറകളില്‍പ്പോലും കടന്നുചെല്ലുന്നു. മനുഷ്യജീവിതത്തില്‍ ദൂരവ്യാപകമായ ഫലങ്ങളുവാക്കി; ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ എന്നതിനപ്പുറം ഉല്‍പ്പന്നങ്ങള്‍ക്കനുസരിച്ചുള്ള ആവശ്യങ്ങള്‍ നാം കണ്ടെത്തുകയാണ്. കമ്പോളത്തിന്റെ മാസ്മരികതയെ വീടകങ്ങളിലേക്ക് ആവാഹിക്കാനായി വമ്പിച്ച കടബാധ്യതകളില്‍ കൂപ്പുകുത്തി അവസാനം അല്‍പം വിഷത്തിലോ ഒരു മുഴം കയറിലോ ജീവിതം അവസാനിപ്പിക്കുന്ന തീരെ ദരിദ്രരല്ലാത്ത കുടുംബങ്ങളെ പത്രങ്ങളില്‍ പരമ്പരകളായും ചാനലുകളില്‍ ദൃശ്യങ്ങളായും നമുക്ക് കാണേണ്ടി വരുന്നു. ഈ ഉപഭോഗതൃഷ്ണ ഇളം തലമുറയെ വിപത്തിന്റെ കരകാണാത്ത അറ്റത്ത് കൊണ്ടെത്തിക്കാറായിരിക്കുന്നു. ദാരിദ്യ്രം മാറ്റാനല്ല അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ പോലും കൊള്ളയും കൊലയും കളവും നടത്തുന്നത്. അത്യാവശ്യത്തിന് ജീവിത വിഭവങ്ങള്‍ ഉണ്ടായിട്ടും ആര്‍ഭാടത്തിന്റെയും അനുഭുതികളുടെയും പുതിയ ലോകങ്ങള്‍ കീഴ്പ്പെടുത്താനാണ് ആര്‍ത്തിയുടെ നിലയില്ലാ കയത്തില്‍ കാഴ്ചയില്ലാതെ മുങ്ങിത്താണുകൊണ്ടിരിക്കുന്നത് സ്ത്രീ വിഭാഗവും ഒപ്പം ഇക്കൂട്ടത്തില്‍ ഉണ്ടെന്നതിനാല്‍ തകര്‍ച്ചക്ക് അധിക ദൂരമില്ല. വിഡ്ഢിപ്പെട്ടിയില്‍ കാണുന്ന വിഡ്ഢിത്തങ്ങളെ സ്വാംശീകരിക്കാനുള്ള ശാഠ്യം വ്യക്തിത്വമുള്ള സമൂഹത്തിന് ചേര്‍ന്നതല്ല. റിയാലിറ്റി ഷോകള്‍ അണ്‍റിയലായ ജീവിതത്തിന്റെ പൊങ്ങച്ച പ്രകടനങ്ങളും പൊള്ളത്തരങ്ങളും മാത്രമാണെന്ന് കൃത്രിമ സ്വയംവരങ്ങള്‍ നമുക്ക് കാണിച്ചുതരുന്നു. അശ്ളീലതയെയും നിര്‍ല്ലജ്ജതയേയും അലങ്കരിച്ച് അരങ്ങുകളില്‍ ആടിത്തിമിര്‍ക്കാന്‍ അനുവദിച്ചിരിക്കുകയാണിവിടെ. കുടുംബബന്ധങ്ങള്‍ അറ്റുവീഴാന്‍ പോന്ന എല്ലാ ചേരുവകളും ഈ അങ്ങാടിയിലുണ്ട്. സ്ത്രീ കാഴ്ചക്കാര്‍ക്ക് ആസ്വദിക്കാനുള്ള വെറും ശരീരമാണെന്നും അവളുടെ വ്യക്തിത്വത്തിന്റെ അളവുകോല്‍ സൌന്ദര്യവും നഗ്നതയുമാണെന്നും മുതലാളിത്ത സംസ്കാരം നമ്മെ പഠിപ്പിക്കുന്നു. സ്വര്‍ണത്തിന് മുതല്‍ പുരുഷന്മാര്‍ മാത്രം ഉപയോഗിക്കുന്ന വസ്തുക്കള്‍ക്ക് വരെ പരസ്യങ്ങളില്‍ സ്ത്രീകളാണ്. ധരിച്ചാലും ധരിക്കാത്തത്ര അല്‍പവസ്ത്രധാരികളായ മോഡലുകളെ, ചലിക്കുന്നതും നിശ്ചലവുമായ പ്രതലങ്ങളില്‍ കാണാന്‍ നിര്‍ബന്ധിതമാവുകയാണ് നാം. ആവുന്നത്ര വൃത്തികേടിലേക്ക് മനസ്സുകളെ പ്രലോഭിക്കാന്‍ പോന്ന തരത്തിലുള്ള വസ്ത്രധാരണ രീതിക്കാണ് പ്രചാരവും മാന്യതയും. അങ്ങാടികളിലും വഴിയോരങ്ങളിലും കവര്‍ച്ച ചെയ്യപ്പെടുന്ന സ്ത്രീ ശരീരം വേണ്ടിടങ്ങളിലല്ലാതെ പങ്കുവെക്കപ്പെടുന്നതില്‍ ഈ നഗ്നതാ പ്രദര്‍ശനത്തിന് നല്ലൊരു പങ്കുണ്ട്.
കുടുംബത്തിന്റെ സമാധാനം നശിപ്പിക്കുന്ന തരത്തില്‍ അശ്ളീലതയും വഴിവിട്ട ജീവിത രീതികളും അഭ്യസിപ്പിക്കുന്നതില്‍ പുതിയ സാങ്കേതിക സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുവെന്നതാണ് ഏറ്റവും പുതിയ ആശങ്ക. ഇന്റര്‍നെറ്റിലെ ചാറ്റിങ്ങും സര്‍ഫിങ്ങും കംപ്യൂട്ടര്‍ മോര്‍ഫിങ്ങും മൊബൈല്‍ ഫോണുകളും ഭീതി ജനിപ്പിക്കാത്ത ഏതു കുടുംബമാണ് നമുക്കു ചുറ്റുമുള്ളത്. സീരിയല്‍ സിനിമാ അഭിനയ ഭ്രമം തകര്‍ത്തെറിഞ്ഞ കുടുംബങ്ങളും ആത്മഹത്യകളും എത്രയേറെ. മതിഭ്രമം ബാധിച്ച കുടുംബങ്ങളില്‍ പിതാവും സഹോദരനും വരെ പെണ്‍ജന്മങ്ങള്‍ക്ക് ഭീഷണിയാവുന്നു.
വനിതാ കമ്മീഷനുകളില്‍, കരഞ്ഞുകലങ്ങിയ കണ്ണുകളും അമര്‍ത്തിപ്പിടിച്ച തേങ്ങലുകളുമായി പരിഹാരം തേടിയെത്തുന്നവരുടെ എണ്ണം വളരെയേറെ വര്‍ധിച്ചിരിക്കുന്നു. അതില്‍ എണ്‍പതുശതമാനവും ഗാര്‍ഹിക പീഢന കേസുകളാണെന്നതാണ് ശ്രദ്ധേയം. പോലീസ് സ്റേഷനുകളിലും കൌണ്‍സലിംഗ് സെന്ററുകളിലും പരാതിക്കാര്‍ വര്‍ധിച്ചിരിക്കുന്നു. എന്തിനേറെ യാതൊരു അഡ്ജസ്റുമെന്റുകള്‍ക്കും കഴിയാതെ ബന്ധങ്ങള്‍ അഴിച്ചുകിട്ടാന്‍ കാത്തുനില്‍ക്കുന്ന ദമ്പതികള്‍ പുതിയ കേരളത്തിന്റെ കാഴ്ചയാണ്. മക്കളുടെ വളര്‍ത്തവകാശത്തിനായി പ്രമുഖര്‍ പോലും തര്‍ക്കമുയര്‍ത്തുന്ന രംഗങ്ങള്‍ കുടുംബകോടതികളിലെ സ്ഥിരം വാര്‍ത്തയാണ്.
കുടുംബബന്ധങ്ങളിലെ നഷ്ടപ്പെടലുകളില്‍ കൂടുതല്‍ പരിക്കുപറ്റിയത് വൃദ്ധ ജനങ്ങള്‍ക്കാണ്. പാശ്ചാത്യ നാടികളിലേതുപോലെ നമ്മുടെ നാട്ടിലും വൃദ്ധസദനങ്ങള്‍ ഏറിവരുകയാണ്. ബാധ്യതകളെ ഏതാനും നോട്ടുകെട്ടുകളിലൊതുക്കി വന്നവഴികളെ മറക്കാന്‍ നാമും ശീലിച്ചുതുടങ്ങിയിരിക്കുന്നു. അതിനും കഴിയാത്തവര്‍ വീടുകളില്‍നിന്നും, തൊട്ടിലാട്ടിയ താരാട്ടുപാടിയ സ്നേഹപ്പാലും വാത്സല്യത്തേനും ഊട്ടിയ, പഴയ തലമുറയെ അവശതയുടേയും നിസ്സഹായതയുടേയും പ്രായത്തില്‍ ആശയറ്റ തെരുവുകളിലെ ആശാഭവനുകളിലേക്ക് ആട്ടിയകറ്റുകയാണ്. വരുമാനമില്ലാത്തതെന്തും തെരുവിലേക്ക് വലിച്ചെറിയാന്‍ ശീലിപ്പിച്ച മുതലാളിത്ത സംസ്കാരത്തിന്റെ സ്വാര്‍ഥതയുടെ പാഠം നാമും പ്രയോഗവല്‍ക്കരിക്കുകയാണ്.
ആശങ്കയുണര്‍ത്തിയ ഈ പോക്കില്‍നിന്നും കുടുംബങ്ങളെ തിരിച്ചുപിടിക്കാതെ തരമില്ല. വീടകങ്ങളില്‍ പ്രതിരോധത്തിന്റെ പുതിയ ശീലുകള്‍ ഉയരാതെ നിര്‍വാഹമില്ല. മൂല്യങ്ങളെക്കുറിച്ച് വിലപിക്കാതെ മൂല്യങ്ങളുടെ വീണ്ടെടുപ്പിന് മൂന്നിട്ടിറങ്ങിയേ പറ്റൂ. പുതിയ കാലത്തിന്റെ നന്മകള്‍ തെരഞ്ഞുപിടിക്കുമ്പോള്‍ തന്നെ പഴയകാലത്തെ ധര്‍മത്തിന്റെ അടിത്തറ ഇളകാതെ സൂക്ഷിക്കുകയും വേണം. കുടുംബത്തിന്റെ വീണ്ടെടുപ്പ് സമൂഹനിര്‍മാണത്തിനുള്ള അനിവാര്യഘടകമാണ് നാം തിരിച്ചറിയുമ്പോള്‍ പ്രത്യേകിച്ചും.
|