January 11, 2010
ആധുനിക രാഷ്ട്രീയ സംവിധാനത്തിനുകീഴില്‍ ഏറ്റവും കരുത്തുറ്റവും ജനകീയവും മനുഷ്യാവകാശങ്ങളെയും സമത്വത്തെയും പരിപോഷിപ്പിക്കുന്ന ഭരണക്രമമാണ് ജനാധിപത്യം. ബലവത്തായ നാലു തൂണുകളിലാണ് അത് ഉയര്‍ത്തപ്പെട്ടത്. ജുഡീഷ്യറിയും എക്സിക്യൂട്ടിവും ലെജിസ്ളേച്ചറും ഫോര്‍ത്ത് എസ്റേറ്റ് ആയി അറിയപ്പെടുന്ന മാധ്യമങ്ങളുമാണവ. ഇതില്‍ ഏതെങ്കിലും ഒന്നിന് ഇളക്കം തട്ടിയാല്‍ ജനാധിപത്യസ്ഥാപനത്തിന്റെ അസ്ഥിവാരമിളകും. അതുകൊണ്ടാണ് മീഡിയ കൂടുതല്‍ കരുത്തുറ്റതും ബലവത്തും നിഷ്പക്ഷവും ആവണമെന്ന് പറയുന്നത്.
ഇന്നലെവരെ അത് അങ്ങനെത്തന്നെ ആയിരുന്നു. അക്കാലങ്ങളില്‍ മതേതര ബുദ്ധിജീവികളും സാംസ്കാരിക നായകന്മാരുമാണ് മാധ്യമങ്ങളുടെ കടിഞ്ഞാണ്‍ പിടിച്ചത്. നിഷ്പക്ഷവും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും അവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. എല്ലാ നാഗരിക സംസ്കൃതിയിലും കിരാത മര്‍ദ്ദകഭരണകൂടത്തിനെതിരെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ശബ്ദമായി ജ്വലിച്ചുനിന്ന മാധ്യമങ്ങള്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും മനുഷ്യാവകാശങ്ങളെയും സോഷ്യലിസത്തെയും താങ്ങിനിര്‍ത്തിയത് തങ്ങളുടെ അക്ഷരദീപം തെളിയിച്ചുകൊണ്ടായിരുന്നു.
വേട്ടക്കാര്‍ക്കെതിരെ നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിച്ച പത്രങ്ങളൊക്കെയും വേട്ടക്കാര്‍ക്കും ഇരകള്‍ക്കുമിടയില്‍ കൃത്യമായ അതിര്‍വരമ്പുകള്‍ നിര്‍വചിക്കുന്നതില്‍ പരാജയപ്പെട്ടുപോകുകയോ കുറ്റകരമായ മൌനംപാലിക്കുകയോ ചെയ്തതിന്റെ ഫലമായി അസുഖകരമായ അനുഭവങ്ങള്‍ അനുദിനം നാട്ടില്‍ അധികരിച്ചുകൊണ്ടേയിരിക്കുന്നു. പരസ്യങ്ങളുപയോഗിച്ച് സാമ്പത്തികനില ഭദ്രമാക്കി വിവരങ്ങള്‍ കയറ്റുമതി ചെയ്യുന്ന, ഇറക്കുമതി ചെയ്യുന്ന ഉത്പാദിപ്പിക്കുന്ന വന്‍വ്യവസായമാണിന്ന് മാധ്യമങ്ങള്‍. ജനങ്ങളാണ് ഇവിടത്തെ ഉപഭോക്താവ്. ഇതറിയണമെങ്കില്‍ പത്രദൃശ്യമാധ്യമങ്ങള്‍ ഉയര്‍ത്തി കാട്ടുന്ന സമൂഹിക സദാചാര രാഷ്ട്രീയ നയങ്ങള്‍ പരിശോധിച്ചാല്‍ മതി. മുതലാളിക്ക് ലാഭമുണ്ടാക്കാന്‍ വേണ്ടി വാണിജ്യസ്ഥാപനങ്ങളെപ്പോലെ പ്രവര്‍ത്തിക്കുകയാണ് മാധ്യമങ്ങള്‍. അതിനുവേണ്ടി രാഷ്ട്രത്തെയും ജനങ്ങളെയും പരിവര്‍ത്തിച്ചെടുക്കുക എന്ന ഒരു സാംസ്കാരിക മാറ്റത്തിനുവേണ്ടിയാണ് മാധ്യമങ്ങള്‍ പണിയെടുക്കുന്നത്. ഉദാരവത്കരണ സ്വകാര്യവത്കരണ നയത്തില്‍ രാജ്യം ഉറച്ചുനില്‍ക്കുമ്പോള്‍ മാധ്യമ നടത്തിപ്പ് ഒരു കോര്‍പ്പറേറ്റ് ബിസിനസ്സും പത്രപ്രവര്‍ത്തകന്‍ മാര്‍ക്കറ്റിംഗ് മാനേജറും റിപ്പോര്‍ട്ടര്‍ ഫീല്‍ഡ് എക്സിക്യൂട്ടിവും ആയി താഴ്ന്നു പോകുകയാണ്.
പാര്‍ശ്വവത്കരിക്കപ്പെട്ട ന്യൂനപക്ഷ ആദിവാസി ദലിത് പ്രശ്നങ്ങളോട് നിസംഗമായി പ്രതികരിക്കുന്ന മാധ്യമരംഗം സവര്‍ണന്റെ ആവലാതികളും വേവലാതികളുമാണ് സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ ഈ നൂറ്റാണ്ടിലെ യുദ്ധങ്ങള്‍ നടക്കുന്നതും വിജയിക്കുന്നതും കലാപങ്ങളും സാംസ്കാരിക അപചയവും സ്ത്രീത്വത്തോടുള്ള നിന്ദ്യമായ പെരുമാറ്റങ്ങളും സാധിപ്പിച്ചെടുക്കുന്നത് ആയുധങ്ങള്‍ കൊണ്ടല്ല. വിവരവിദ്യകൊണ്ടാണ്. നമ്മുടെ പൊതുബോധം നിയന്ത്രിക്കുന്നത് സവര്‍ണമധ്യവര്‍ഗ താത്പര്യമാണ്.
വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സെക്കന്റിന്റെ പോലും ആവശ്യമില്ലാത്ത കാലത്ത് സാങ്കേതികതയും പ്രൊഫഷണലിസവും കരുത്തായ മാധ്യമങ്ങള്‍ പറയുന്ന, എഴുതുന്ന കാര്യങ്ങള്‍ സത്യത്തിന്റെ അംശമുണ്ടോ എന്നും ആധികാരിക സ്രോതസ്സുകളെയാണോ അവലംബിച്ചിരിക്കുന്നത് എന്നും നോക്കാന്‍ നേരമില്ലാതെ പോകുന്നു. വാര്‍ത്തകള്‍ താമസിക്കുന്തോറും വിപണസാധ്യത കുറയുന്നു എന്നതിനാലാണ് ഇത്. ന്യൂസ്റൂമിന്റെ അങ്ങേത്തലക്കും ഇങ്ങേത്തലക്കും ആളെ ഇരുത്തി വാചാലമാകുന്ന അവതാരകയുടെ/അവതാരകന്റെ നാവിന്‍ തുമ്പില്‍നിന്നും വഴുതിവീഴുന്ന അപഹാസ്യങ്ങളെല്ലാം നാം അനുഭവിക്കേണ്ടിവരുന്നത് കൃത്യമായ അജണ്ടയോടെയും വ്യക്തമായ ലക്ഷ്യത്തോടെയുമാണ്.
പ്രമുഖ ദാര്‍ശനികമായ നോംചോസ്കിയുടെ വിലയിരുത്തലുകള്‍ ഇവിടെ ശ്രദ്ധേയമാണ്. "മാധ്യങ്ങള്‍ക്ക് സാമൂഹ്യമായ ഒരു താത്പര്യമുണ്ട്. സമ്പദ്വ്യവസ്ഥയുടെ വികസന പ്രക്രിയയില്‍ പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉണ്ടാകുമോ എന്ന ഭീതിയില്‍ നിന്ന് ഉപരിവര്‍ഗത്തത്തിന്റെയും ഭരണകൂടത്തിന്റെയും അധികാരക്കുത്തകകളെ സംരക്ഷിക്കുന്നതാണ് ആ താത്പര്യം. സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരുടെ പ്രതിഷേധത്തില്‍ നിന്നും ആഭിജാതവര്‍ഗത്തെ സംരക്ഷിക്കുന്നതാണ് മാധ്യമങ്ങളുടെ പ്രത്യയശാസ്ത്രം. അങ്ങനെയാണ് വസ്തുതകള്‍ക്ക് പകരം നുണകളുടെ കാല്‍പനികതയായി വാര്‍ത്തകള്‍ മാറിയത്.
2001 സെപ്തംബര്‍ 11 നു ശേഷം നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ എടുത്ത് പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. ലോകത്ത് നടക്കുന്ന എല്ലാ സ്ഫോടനങ്ങളുടെയും പീഡനങ്ങളുടെയും പിന്നില്‍ ഒരു പ്രത്യേക സമുദായമാണെന്ന ഒരുപൊതുബോധം മാധ്യമങ്ങളില്‍ക്കൂടി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ശീതയുദ്ധാനന്തരം മുതലാളിത്വത്തിന്റെ ആഗോളതാത്പര്യങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയില്ലാതെ ലോകഭൂപടത്തില്‍ നിന്നും മാഞ്ഞുപോയ കമ്യൂണിസ്റ് റഷ്യയ്ക്കു ബദലായി ജീര്‍ണിച്ച മുതലാളിത്വ പ്രത്യയശാസ്ത്രമല്ല സാമൂഹ്യ നിര്‍മിതിക്കാവശ്യമെന്നുദ്ഘോഷിച്ച് ശക്തമായ പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ ലോകം മുഴുക്കെ വളരുന്ന ഇസ്ലാമിനെ പേടിച്ചതുകൊണ്ടാണിത്.
മുതലാളിത്വ രാഷ്ട്രീയം പടുത്തുയര്‍ത്തപ്പെട്ടത് ചില നിര്‍ണിത മാനങ്ങളിലാണ്. മദ്യവും മദിരാക്ഷിയും സ്ത്രീനഗ്നതയുമാണതിന്റെ കാമ്പും കാതലും. അതിന്റെ അടിത്തറ നിലകൊള്ളുന്നത് പലിശയെന്ന പൈശാചികതയിലാണ്. ഒരിക്കലും മുതലാളിത്വ അരാജകത്വത്തോട് രാജിയാകാത്ത ഇസ്ലാമിനെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കിയാല്‍ മാത്രമേ അധീശത്വ സങ്കുചിതത്വ താത്പര്യങ്ങള്‍ സംരക്ഷിക്കാനാവൂ എന്ന തിരിച്ചറിവാണ് യഥാര്‍ഥത്തില്‍ മാധ്യമങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന ഇസ്ലാം വേട്ട. "പാശ്ചാത്യലോകത്ത് കമ്യൂണിസ്റ് വിരോധത്തെ ആളിക്കത്തിച്ചത് കമ്യൂണിസ്റ് രാജ്യങ്ങള്‍ നടത്തിയ അക്രമമായിരുന്നില്ല. മറിച്ച് പാശ്ചാത്യലോകത്തിന്റെ വ്യവസായിക സമ്പത്ത് വ്യവസ്ഥയില്‍ നിന്നും വിട്ടുമാറി സ്വന്തം വിഭവശേഷി ഉപയോഗിച്ച്, പാശ്ചാത്വ സമ്പദ്വ്യവസ്ഥയോട് കീഴടങ്ങാന്‍ അവര്‍ പ്രകടിപ്പിച്ച വിമുഖതയായിരുന്നു.'' -നോം ചോസ്കി നിരീക്ഷിക്കുന്നത്.
അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥിതിക്ക് ബദലായി സാമ്പത്തിക നയങ്ങള്‍ മുന്നോട്ട് വെച്ച റഷ്യയുടെ അഭാവത്തില്‍ ചൂഷണാത്മക സാമ്പത്തിക വ്യവസ്ഥിതിയെ വെല്ലുവിളിച്ച് മുന്നോട്ട് നീങ്ങുന്ന ഇസ്ലാമും അതിന്റെ ജനകീയ മുന്നേറ്റങ്ങളും ചെറുത്തുനില്‍പ്പുമാണ് യഥാര്‍ഥത്തില്‍ ഇസ്ലാമിന്റെ പേരില്‍ ഭീകരത ആരോപിക്കുന്നതിന് കാരണം. അതിനവര്‍ കണ്ടെത്തിയ ശക്തമായ ആയുധമാണ് മാധ്യമങ്ങള്‍.
സംസ്കാരങ്ങളുടെ ചരിത്രം ബന്ധപ്പെട്ട് കിടക്കുന്നത് ഭീകരതയുടെ മുഖം വിളിച്ചോതിക്കൊണ്ട് തന്നെയാണ്. സാംസ്കാരിക ഭീകരതയെന്നോ രാഷ്ട്രീയ ഭീകരതയെന്നോ നാമതിനെ പേരിട്ട് വിളിച്ചെന്ന് മാത്രം. ഭരണകൂടത്തിന്റെ അറിവോടെയും സമ്മതത്തോടെയും മറ്റൊരു രാജ്യത്തിന്റെ മേല്‍ നടത്തുന്ന ഭീകരതയും ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ നിലവിലെ ഭരണകൂടത്തിനെതിരെ നടത്തുന്ന ഔദ്യോഗിക അനൌദ്യോഗിക ഭീകരതയും. ലോകത്തിന്റെ എല്ലാ രാജ്യങ്ങളിലും ഇത്തരം ഭീകരതയും അവയോടനുബന്ധിച്ച് ഭീകരപ്രസ്ഥാനങ്ങളും നിലവിലുണ്ട്.
നമുക്ക് ഓര്‍മിച്ചെടുക്കാവുന്ന തരത്തില്‍ 90കളുടെ തുടക്കത്തില്‍ തന്നെ അനേകം ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1910 ലെ ചൈനീസ് വിപ്ളവത്തില്‍ 2.4 മില്യണ്‍, 1911ലെ ഇറ്റാലിയന്‍ ഓട്ടോമെന്‍ യുദ്ധത്തില്‍ 2 ലക്ഷം, 1912ലെ ബാള്‍ക്കണ്‍ യുദ്ധത്തില്‍ 1,50,000, 1914ലെ ഒന്നാം ലോകമഹായുദ്ധത്തില്‍ 8 മില്യണ്‍, 1917ലെ സോവിയറ്റ് വിപ്ളവത്തില്‍ 5 മില്യണ്‍, 1936ലെ സ്പാനിഷ് സിവില്‍ വാറില്‍ 13 മില്യണ്‍, 1948ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ 73,000, 1939ലെ രണ്ടാംലോക മഹായുദ്ധത്തില്‍ 55മില്യണ്‍ ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത രാഷ്ട്രീയ ഭീകരതയുടെ വധിക്കപ്പെട്ടവരുടെ കണക്കുകള്‍ ഔദ്യോഗികമായിത്തന്നെ ലഭ്യമാണ്. ലോകത്തിന്റെ കഴിഞ്ഞുപോയ നൂറ് വര്‍ഷത്തെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരു വസ്തുതയുണ്ട്. ഇത്തരം കയ്യേറ്റങ്ങളും ആക്രമണങ്ങളും രാജ്യതാത്പര്യത്തിന് എന്ന വ്യാജേന ചെയ്തുകൂട്ടിയ രാഷ്ട്രീയ അക്രമങ്ങളായിരുന്നു. മനുഷ്യ ചരിത്രത്തോളം പഴക്കമുള്ള ഒരൊറ്റ ആക്രമണത്തെയും ഏതെങ്കിലും മതത്തോടെ സംസ്കാരത്തോടെ ചേര്‍ത്തുനിര്‍ത്തി പറയാന്‍ ഒരൊറ്റ മാധ്യമവിശാരദന്മാരോ രാഷ്ട്രീയ നിരീക്ഷകരോ സാംസ്കാരിക നിരൂപകരോ തയ്യാറായിരുന്നില്ല.
അമേരിക്കന്‍ പൌരന്മാരില്‍ കൂടുതലും ക്രിസ്ത്യാനികളായത്് കൊണ്ട്, ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട രണ്ടാം ലോകയുദ്ധത്തെ ആരും ക്രിസ്ത്യാനിറ്റിയോട് ചേര്‍ത്ത് പറഞ്ഞിട്ടില്ല. രണ്ട് പ്രധാനമന്ത്രിമാരെ കൊന്ന, ലോകത്തേറ്റവും വലിയ തീവ്രവാദി സംഘടനയായ എല്‍.ടി.ടിയെ ഹിന്ദു തീവ്രവാദസംഘമായി പരിചയപ്പെടുത്തുന്നില്ല. ടിബറ്റന്‍ മേഖലയിലെ ചൈനീസ് ആധിപത്യത്തെ ചെറുക്കുന്ന ദലൈലാമയും അനുയായികളും ബുദ്ധതീവ്രവാദികളല്ല. ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഹോളോകോസ്റ് ആര്യസാംസ്കാരികതയുടെ ചങ്കൂറ്റമായല്ല ചരിത്രത്തില്‍ ഇടം നേടിയത്. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ വംശീയ- വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംഘ് പരിവാരങ്ങളെയും അവരുടെ സമുദായത്തിന്റെയോ മതത്തിന്റെയോ പേരിലല്ല മാധ്യമങ്ങള്‍ പരിചയപ്പെയുത്താറുള്ളത്. എന്നാല്‍ ഗ്രാമത്തിന്റെ ഉള്ളറകളില്‍ എവിടെയെങ്കിലും ഒരു തീപ്പെട്ടി ഉരഞ്ഞുപൊട്ടിയാല്‍ അവിടെ നമ്മുടെ മീഡിയ പരതുന്നത് മുസ്ലിം തീവ്രവാദിയെ ആണ്. ഏതെങ്കിലും ആക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവന്‍ മുസ്ലിം നാമധാരിയാണെങ്കില്‍ അത് ഇസ്ലാമിന്റെ പേരിലാണ് വരവ് വെക്കുന്നത്.
അമേരിക്കന്‍ സാമ്രാജ്യത്വ മുതലാളിത്വ താത്പര്യങ്ങള്‍ നടപ്പിലാക്കാന്‍ തങ്ങളേക്കാള്‍ അര്‍ഹത മറ്റാര്‍ക്കുമില്ലെന്ന് പറഞ്ഞ എന്‍ഡി എ ഭരണകാലത്ത് നമ്മുടെ രാജ്യത്ത് അങ്ങോളമിങ്ങോളം നിരവധി സ്ഫോടനങ്ങളും ആക്രമണങ്ങളും ഉണ്ടായി.
അഹമ്മദാബാദ്, മേലേഗാവ്, ആസാം, സംഝോത എക്സ്പ്രസ്, കോയമ്പത്തൂര്‍, ബോംബെ... എത്രയോ നിരപരാധികള്‍ നടുറോഡില്‍ പിടഞ്ഞുമരിച്ചു. നഷ്ടപ്പെട്ടുപൊയ മുതല്‍ തിരിച്ചുകൊടുക്കാനായ് ബൈക്കിന്റെ പിന്നാലെ ഓടിയ നിഷ്ക്കളങ്ക ബാല്യംനടുറോഡില്‍ ചിതറിത്തെറിച്ചത് നാം കണ്ടു. ഇത്തരം ദുശ്ശക്തികള്‍ ആരായാലും ശരി,അവരെ നിയമത്തിന്റെ ബലിഷ്ടമുറയുപയോഗിച്ച് ശിക്ഷിച്ചേ മതിയാവൂ. അവരെ ശിക്ഷിക്കുക എന്നത് സുരക്ഷിത സമൂഹത്തിന്റെ സൃഷ്ടിക്കാവശ്യമാണ്. അത് ഭരണകൂടത്തിന്റെ ബാധ്യതയാണ്.
എന്നാല്‍ നമ്മുടെ ജനാധിപത്യസംവിധാനങ്ങള്‍ പലപ്പോഴും നീതിയുടെ ഭാഗത്തല്ല നിലയുറപ്പിച്ചത്. പക്ഷപാതപരമായാണ് നിയമ പാലകരും നീതിന്യായ സംവിധാനവും ഭരണകൂടവും പലപ്പോഴും പ്രവര്‍ത്തിച്ചിട്ടുള്ളത്.ഇത്തരം സന്ദര്‍ഭങ്ങളില്‍ സത്യം ദനങ്ങളെ അറിയിക്കുകയും ദനാധിപത്യത്തിന്റെ കാവലാളുകളായി വര്‍ത്തിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ട്. എന്നാല്‍ ,ഈ ബാധ്യത യഥാവിധി നിര്‍വഹിക്കുന്നില്ലെന്ന് മാത്രമല്ല തികച്ചും പക്ഷപാതപരമായി ഒരു സമുദായത്തെ ഒന്നടങ്കം സ്വഭാവഹത്യ നടത്തും വിധം അസത്യങ്ങളും അര്‍ധസത്യങ്ങളും കെട്ടഴിച്ചുവിടുകയുമാണ് അവ ചെയ്തുകൊണ്ടിരിക്കുന്നത്. അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നത് അപ്പടി മുഖവിലക്കെടുത്ത് സ്വന്തമായി ഒരന്വേഷണം നടത്തുകയോ, സാമാന്യ യുക്തിയില്‍ പോലും ഉയരുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ മിനക്കെടുകയോ ചെയ്യാതെ, മാധ്യങ്ങള്‍ സൃഷ്ടിക്കുന്ന കോലാഹലങ്ങള്‍ തീര്‍ത്തും നിരുത്തരവാദപരമാണെന്ന് പറയാതെ നിവൃത്തിയില്ല.
തീവ്രവാദം എന്നത് ഒരു സമൂഹത്തിലോ വിഭാഗത്തിലോ രാഷ്ട്രീത്തിലോ മാത്രം പരിമിതമായ ഒന്നല്ല, എന്നിരിക്കെ അതിന്റെ മൊത്തം കുത്തക ഇസ്ളാമിന്റെയും മുസ്ളിംകളുടെയും പേരില്‍ ചാര്‍ത്തുന്നത് ക്ഷന്തവ്യമല്ല. നീതിയല്ല. യുദ്ധത്തില്‍പോലും വ്യക്തമായ നിയമങ്ങള്‍ പഠിപ്പിച്ച, നേര്‍ക്കുനേരെയുള്ള ആക്രമണമല്ലാതെ ഒളിയമ്പ് എയ്യരുതെന്ന് പഠിപ്പിച്ച, സ്ത്രീകളേയും കുട്ടികളേയും വൃദ്ധരേയും ആക്രമിക്കരുതെന്നും ചെടികളും മരങ്ങളും അനാവശ്യമായി നശിപ്പിക്കരുതെന്നും പറഞ്ഞ മതമാണ് ഇസ്ളാം. ഒരു മനുഷ്യനെ അന്യായമായി കൊല്ലുന്നത് മുഴുവന്‍ മനുഷ്യരെയും കൊല്ലുന്നതിന് തുല്യമാണെന്നു#ം വര്‍ഗീയതക്കുവേണ്ടി വാദിക്കുന്നവരും വര്‍ഗീയതക്ക് വേണ്ടി നിലകൊള്ളുന്നവനും നമ്മില്‍പെട്ടവനല്ലെന്നുമാണ് അതിന്റ അധ്യാപനം അങ്ങനെയുള്ള ഒരു മതത്തിന്റെ അനുയായിക്ക് എങ്ങനെയാണ് നടുറോഡില്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി സ്വയം പൊട്ടിത്തെറിക്കാന്‍ കഴിയുക.
മുസ്ലിംകള്‍ ഒരാളും തന്നെ തീവ്രവാദിയായിട്ടില്ല എന്നല്ല പറഞ്ഞുവരുന്നത്. അവര്‍ എങ്ങനെ തീവ്രവാദികളായിത്തീര്‍ന്നു, അവരെ ആരൊക്കെ ഉപയോഗപ്പെടുത്തി, അവരുടെ പിന്നിലിരുന്ന് കളിക്കുന്ന യഥാര്‍ത്ഥ കരങ്ങള്‍ ഏതൊക്കെ തുടങ്ങി ഒരുപാട് സംശയങ്ങളും ദുരൂഹതകളും നിലനില്‍ക്കുന്നുണ്ട്. അതാണ് യഥാര്‍ത്ഥത്തില്‍ പത്രങ്ങള്‍ അന്വേഷിക്കേണ്ടത്. മുസ്ലിംകള്‍ പെട്ടെന്ന് പ്രകോപിതരാകുന്നവരാണെന്ന് വരുത്തിത്തീര്‍ക്കാന്‍, വികാര ജീവികളെന്ന പരിവേഷം നല്‍കാന്‍, സയണിസവും ഫാസിസവുമൊരുക്കുന്ന കെണികളില്‍ മുസ്ലിം ചെറുപ്പക്കാര്‍ വീണുപോയിട്ടുണ്ടാവാം. അവരെ രാഷ്ട്രീയ മുഖ്യധാരയില്‍ കൊണ്ടുവരാനും അനുസരിക്കാത്തവരെ ശിക്ഷിക്കാനുമുള്ള ഭരണകൂടത്തിന്റെ അവകാശങ്ങളെ ആരും ചോദ്യം ചെയ്യുകയില്ല. എവിടെയെങ്കിലും ഒരു സ്ഫോടനമുണ്ടായാല്‍ ഉടനെ പൊട്ടിയത് ആര്‍.ഡി.എക്സ്, പിന്നില്‍ ലഷ്കറെ ത്വയ്യിബ എന്നു കൂവി കഴിയുന്നത്ര മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടി, അവര്‍ പഠിച്ച സ്കൂളും നാടും വീടും പ്രദര്‍ശിപ്പിച്ച് ഇതൊക്കെയാണ് തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഊതി വീര്‍പ്പിക്കുകയും അവസാനം പ്രതി അന്യസമുദായക്കാരനാണെന്ന് കണ്ടാല്‍ അയാളെ മനോരോഗിയാക്കി എല്ലാം പെട്ടെന്ന് അവസാനിപ്പിച്ച് കളയുകയും ചെയ്യുന്ന മനോവിഭ്രാന്തി മാധ്യമങ്ങള്‍ അവസാനിപ്പിക്കണം. മുഹ്സിന്‍ എന്ന ചെറുപ്പക്കാരനെ തീവ്രവാദത്തിന്റെ പേരില്‍ പിടികൂടിയപ്പോള്‍ കാടിളക്കുകയും യഥാര്‍ത്ഥ പ്രതിയെ കിട്ടിയപ്പോള്‍ മൌനം പൂണ്ടിരിക്കുകയും ചെയ്ത പത്രങ്ങളെ നമുക്ക് മറക്കാനാവില്ല.
സമൂഹത്തിന് മുന്നില്‍ ഇത്തരം അപകീര്‍ത്തികള്‍ പ്രചരിപ്പിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് നിഗൂഡ ശക്തികളുടെ പിന്‍ബലമുണ്ടെന്ന് മതേതര വിശാല ആശയഗതിക്കാര്‍ മുമ്പേ തിരിച്ചറിഞ്ഞിട്ടുണ്ട്. 2008 ഒക്ടോബറില്‍ പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ബി.ആര്‍.പി ഭാസ്ക്കര്‍ എഴുതുന്നു. "അടുത്തകാലത്ത് രാജ്യത്തുണ്ടായ ചില അക്രമണ സംഭവങ്ങള്‍ക്ക് പിന്നില്‍ സംഘ്പരിവാറിന്റെ ബാബരി മസ്ജിദ് പൊളിക്കലോടു കൂടിയ പരമ്പരുടെ ഭാഗമാണെന്ന് കരുതാന്‍ ന്യയമുണ്ട്. അധികൃതര്‍ മുസ്ലിം ഭീകര വാദികളുടെ കണക്കിലെഴുതിയ എല്ലാ സംഭവത്തിലും ഉത്തരവാദികള്‍ അവര്‍ തന്നെയല്ലെയെന്ന് സംശയിക്കാനും വകയുണ്ട്. രാജ്യത്തെ മുസ്ലിം ജനതയെ അന്യവല്‍ക്കരിക്കുന്ന സംഘ്പരിവാര്‍ തന്ത്രത്തില്‍ അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങള്‍ പക്ഷം ചേര്‍ന്നിട്ടുണ്ട്. റേറ്റിംഗില്‍ കണ്ണും നട്ടിരിക്കുന്ന ചാനലുകളും തെരഞ്ഞെടുപ്പില്‍ കണ്ണു നട്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിക്കുമ്പോള്‍ ഇത്തരം അപകടം പ്രതീക്ഷിക്കാവുന്നതാണ്. ഇതിനെ സാധൂകരിക്കുന്നതാണ് പാര്‍ലമെന്റ് ആക്രമണം. ശവപ്പെട്ടി കുമ്പകോണത്തില്‍ പാര്‍ലമെന്റില്‍ നാണംകെട്ട ഫാസിസ്റു സര്‍ക്കാര്‍ പോട്ടാ നിയമം പാര്‍ലമെന്റില്‍ പരാജയപ്പെടുമെന്ന അവസരത്തിലാണ് പാര്‍ലമെന്റ് ആക്രമണം ഉണ്ടായത്;
സാമ്രാജ്യത്ത- ഫാഷിസ്റ് ശക്തികളുടെ ഉപകരണമായിത്തീര്‍ന്ന മാധ്യമങ്ങള്‍ അബദ്ധ ജടിലമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇസ്ലാമിന്റെ ചിഹ്നങ്ങളെയും അടയാളങ്ങളെയും ആചാരങ്ങളെയും ഭയപ്പാടോടെ കാണാന്‍ ഇതര സമുദായ സഹോദരങ്ങള്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശക്തമായ മത സൌഹാര്‍ദം നിലവിലുള്ള നാടാണ് കേരളം. ധാര്‍മികാടിത്തറയുള്ള മത സംഘടനകളും ഇടതുപക്ഷ മതേതര കൂട്ടായ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് ഫാസിസ്റുകള്‍ എത്രതന്നെ ശ്രമിച്ചിട്ടും നടക്കാതെ പോയ കാര്യം പത്രങ്ങള്‍ എളുപ്പത്തില്‍ സാധിച്ചെടുത്തു. രാഷ്ട്രീയ ആക്രമണത്തിന്റെ കുപ്രസിദ്ധി തലയിലേറ്റുമ്പോഴും മതസൌഹാര്‍ദത്തിന് സല്‍പേരു കളയാതെ സൂക്ഷിക്കുന്ന കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ എന്ന ഗ്രാമത്തിലെ സ്വാധിയായ ഹിന്ദുവീട്ടമ്മ രോഷത്തോടെ പറഞ്ഞ വാക്കുകള്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ചുവിടുന്ന ഇത്തരം തെറ്റിദ്ധാരണകള്‍ എത്രമാത്രം അപകടകരമാണെന്ന#് വ്യക്തമാക്കുന്നുണ്ട്. "നമ്മുടെ ആണുങ്ങളൊക്കെ കഷ്ടപ്പെട്ട് പണിയെടുത്തിട്ടും ചാണകം തേച്ച വീട്ടില്‍ തന്നെ. നിങ്ങളൊക്ക തീവ്രവാദം നടത്തി മണിമാളികളികയില്‍ കിടന്നുറങ്ങുന്നു'' എന്നാണവര്‍ പറഞ്ഞത്.
ജനാധിപത്യത്തിന്റെ കാവല്‍ നായ്കള്‍ അനാവശ്യമായി കുരക്കുമ്പോള്‍ അതിലെ ജനങ്ങള്‍ക്ക് സമാധാനത്തോടെയും വിശ്വാസത്തോടെയും ജീവിക്കാനാവില്ല എന്നതിന്റെ തെളിവാണിത്.
പലപ്പോഴും കോടതിയും നിയമ വ്യവസ്ഥയും കുറ്റവിചാരണ നടത്തുന്നതിന് മുമ്പേ പത്രങ്ങള്‍ ആ പണി നിര്‍വ്വഹിക്കുന്നതാണ് നാം കാണുന്നത്. പൊതുസമൂഹത്തിന് മുമ്പില്‍ ഒരു ജതനതയെ കുറ്റവാളിയാക്കി നിര്‍ത്താന്‍ അതിലൂടെ അവര്‍ക്ക് കഴിയുന്നു. ഇതിന് ഏറ്റവും വലിയ തെളിവാണ് പത്രങ്ങള്‍ ആഘോഷിച്ച ലൌജിഹാദ്. പ്രണയത്തെയും മിശ്രവിവാഹത്തെയും ഏറെ പ്രോത്സാഹിപ്പിച്ച നാടും സംസ്കാരവുമാണ് നമ്മുടേത്. ലൌ ജീഹാദിനെ വലിയൊരു വിവാദമാക്കി ഉയര്‍ത്തിക്കൊണ് വന്നപ്പോള്‍ പ്രസ്തുത പാരമ്പര്യത്തെയാണ് മാധ്യമങ്ങള്‍ പുഛ്ഛിക്കുകയും പരിഹസിക്കുകയും ചെയ്തത്. ലൌജിഹാദ് കേവലം കെട്ടുകഥയാണെന്ന് സംസ്ഥാന -കേന്ദ്ര പോലീസുവകുപ്പുകള്‍ ഉത്തരവാദിത്വത്തോടെ വ്യക്തമാക്കിയിട്ടും നമ്മുടെ ചില മാധ്യമങ്ങള്‍ തല്‍സംബന്ധമായ പ്രചാരവേലകള്‍ അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ ലൌജിഹാദ് സംബന്ധിച്ച എല്ലാ അന്വേഷണങ്ങളും നിര്‍ത്തിവക്കാന്‍ ഹൈക്കോടതിതന്നെ ഉത്തരവിറക്കിയപ്പോള്‍ മാധ്യമങ്ങളുടെ യഥാര്‍ത്ഥ മുഖംമൂടിതന്നെയാണ് ചീന്തിയെറിയപ്പെട്ടത്.
ഇത്തരം വിവാദ സൃഷ്ടിപ്പുകളിലൂടെ ചിന്താസ്വാതന്ത്യ്രവും വിശ്വാസസ്വാതന്ത്യ്രവും നിലനിര്‍ത്താനുള്ള വ്യക്തിയുടെ അവകാശത്തെയാണ് മാധ്യമങ്ങള്‍ ചോദ്യം ചെയ്യുന്നത്. കമ്പോള പുരുഷാധിപത്യഘടനയില്‍ സ്ത്രീ വെറും കൈമാറ്റം ചെയ്യപ്പെടാനുള്ള ചരക്ക് എന്നതിനപ്പുറം സ്വന്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ അര്‍ഹതയില്ലാത്തവളാണെന്നാണ് അവര്‍ അറിഞ്ഞോ അറിയാതെയോ പറഞ്ഞു വെക്കുന്നത്. വ്യക്തി എന്ന നിലയില്‍ രാജ്യത്തെ ഓരോ പൌരനും ഭരണഘടന ഉറപ്പു നല്‍കുന്ന വിശ്വാസസ്വാതന്ത്യ്രത്തെയാണ് പത്രങ്ങള്‍ ചോദ്യം ചെയ്തത്. സ്വന്തം വിശ്വാസത്തെയും ജീവിതരീതിയെയും ജീവിതദര്‍ശനത്തെയും സ്വയം തെരഞ്ഞെടുക്കാന്‍ പോലും വ്യക്തിക്ക് അര്‍ഹതയില്ലെന്ന് മാധ്യമങ്ങള്‍ ഉറപ്പിക്കുമ്പോള്‍ ഇത്തരമൊരു സാമൂഹിക ഘടന എങ്ങനെയാണ് ജനാധിപത്യപരമാവുക. ഇത്തരമൊരു സാമൂഹിക വ്യവസ്ഥിതിയില്‍ എങ്ങനെയാണ് മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കുക.
അബ്ദുന്നാസര്‍ മഅദനി ജയിലില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലവും അദ്ദേഹം മാധ്യമങ്ങളുടെ ഇത്തരം നിഷ്ഠുര വിചാരണക്ക് വിധേയമായിരുന്നത് നമുക്കറിയാം. ഒടുവില്‍ നീ നിരപരാധിയാണ് നിനക്ക് പുറത്തു പോകാമെന്ന് പറഞ്ഞ് കോടതി അദ്ദേഹത്തെ വിട്ടയച്ചിട്ടും മാധ്യമങ്ങള്‍ അവരുടെ തെറ്റ് തിരുത്താന്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ അതേ തെറ്റ് അദ്ദേഹത്തിന്റെ കുടുംബത്തോടും കൂടുതല്‍ നിഷിഠുരമായ രീതിയിലും സ്വഭാവത്തിലും ആവര്‍ത്തിച്ചു കൊണ്ടിരിക്കയാണ് ഇതേ മാധ്യമങ്ങള്‍.
കേരളീയ രാഷ്ട്രീയം പക്വതയാര്‍ജ്ജിച്ചത് പൊതുമുതല്‍ നശിപ്പിച്ചും ടയറുകള്‍ കുത്തിക്കീറിയും മനുഷ്യരെ ജീവനോടെ ചുട്ടു കരിച്ചും കൊണ്ടാണ്. ഇത്തരമ സംഭവങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ കുറ്റവാളികളാണെങ്കില്‍ ശിക്ഷിക്കുക തന്നെ വേണം .അതിനാണ് ജനാധിപത്യത്തിന്റെ മറ്റൊരു തൂണായ ജൂഡീഷ്യറി. ജൂഡീഷറി വിചാരണ ചെയ്യും മുമ്പേ അവരെ പ്രതിയാക്കി വിചാരണ നടത്തി വിധി കല്‍പിക്കാന്‍ ഫോര്‍ത്ത് എസ്റേറ്റിന്അധികാരമില്ല.
അവരുടെ മതം ഇസ്ലാമാണ് എന്നത് കൊണ്ട് മാത്രമാണ്് അവര്‍ ഇവ്വിധം മാധ്യമവിചാരണക്ക് വിധേയരാക്കപ്പെടുന്നത് എന്നത് തര്‍ക്കമറ്റകാര്യമാണ്. അല്ലെങ്കില്‍ എന്തുകൊണ്ടാണ് ഗുജറാത്ത് കലാപത്തില്‍ എല്ലാവിധ പിന്തുണയും നല്‍കി ഓടി നടന്ന മായ കോട്നി എന്ന വിദ്യാഭ്യാസ മന്ത്രിയെ കോടതി കുറ്റവാളിയായി വിധിച്ചപ്പോള്‍ പോലും അവര്‍ മിണ്ടാതിരുന്നത്? ഇവിടെ ഒരു സ്ത്രീയെ അവര്‍ മുസ്ളീമായതിന്റെ പേരില്‍ കോടതിക്കുമുമ്പേ കൊടും ഭീകരിയായി വിധിക്കുകയാണ്. മാലേഗോവ് സ്ഫോടനത്തില്‍ കുറ്റവാളിയെന്ന് കണ്ട് അറസ്റ് ചെയ്യപ്പെട്ട പ്രജ്ഞാസിംഗ് താക്കൂറിനെ ഇത്തരമൊരു മാധ്യമവിചാരണക്ക് പത്രമുത്തശ്ശിമാരധൈര്യപ്പെടാതിരുന്നതെന്ത് കൊണ്ടാണ് ? ഗുജറാത്ത് കലാപവേളയില്‍ ഏറ്റവും കൂടുതല്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചവര്‍ പത്രങ്ങളായിരുന്നു. ഗുജറാത്ത് സമാചാറും ഗുജറാത്ത് സന്ദേശും. ഗുജറാത്തിലെ രാജ്കോട്ടിലും വദേരയിലും സൂറത്തിലും വര്‍ഗീയത ഉറഞ്ഞുതുള്ളിയപ്പോള്‍ അല്‍പ്പം വൈകിയ ഭാവ്നഗര്‍ നിവാസികളെ നോക്കി അവരുടെ പുരുഷന്മാരുടെ കൈകളില്‍ വളയിട്ടാണ് നടക്കേണ്ടത് എന്നാണ് പത്രങ്ങള്‍ ആക്രോശിച്ചത്. കോടതിക്ക് പോലും സ്വീകാര്യമല്ലാത്ത തെളിവുകള്‍ ഹാജരാക്കി പ്രതികളെന്ന് പേരുചേര്‍ക്കപ്പെട്ടവരെ കോടതി വളപ്പില്‍ വെച്ചുതന്നെ വിചാരണ ചെയ്യുകയാണ് മാധ്യമങ്ങള്‍. എന്താണ് ഇതുകൊണ്ട് അര്‍ഥമാക്കേണ്ടത്. ഇന്ത്യന്‍ ജൂഡീഷ്യറിക്ക് നിയമത്തെ യഥാവിധി നിര്‍വ്വചിക്കാനാവില്ലെന്നാണോ? ഇന്ത്യന്‍ മതേതരത്വത്തിന്റെ താഴികകുടങ്ങള്‍ തകര്‍ത്തവര്‍ ആരെന്ന് ലിബര്‍ഹാന്‍ കമ്മീഷന്‍ 18 വര്‍ഷത്തിന് ശേഷമെങ്കിലും പറഞ്ഞപ്പോള്‍ വെളിപ്പെട്ട സത്യം വരേണ്യവര്‍ഗ ബ്രാഹ്മണാധിപത്യ താല്‍പര്യത്തിനായി മീഡിയ വഹിച്ച പങ്കാണ്. ഇന്ത്യയുടെ സെക്കുലര്‍ ഭാവത്തിനുമേല്‍ രഥമുരുട്ടിയവര്‍ക്ക് പേജുകളും സ്ക്രീനുകളും മാറ്റിവെച്ച് മാധ്യമങ്ങള്‍ അതില്‍ പങ്കാളികളായി. പിന്നോക്ക ന്യൂനപക്ഷ സമുദായത്തിന്റെ ഭരണഘടനാ അവകാശങ്ങള്‍ വകവെച്ചു കൊടുക്കാതിരിക്കാന്‍ 27 ശതമാനം സംവരണമെന്ന ആശയത്തെ തുരങ്കം വെക്കാനാണ് അന്ന് മാധ്യമങ്ങള്‍ ഒത്തു കളിച്ചത്. ഒറ്റയും തെറ്റയുമായ ആക്രമണങ്ങളെ ഇന്ത്യ കത്തിയെരിയുന്നു എന്ന ഭാവത്തില്‍ എഴുതിയുണ്ടാക്കി ഇല്ലാത്ത കാര്യങ്ങളെ ഉണ്ടാക്കിയെടുത്ത് വലുതാക്കുന്ന മീഡിയ പ്രശ്നം അടിസ്ഥാന വര്‍ഗത്തിന്റെതാണെങ്കില്‍ വിഷയത്തെ തമസ്ക്കരിക്കുന്നതിന്റെ തെളിവാണ് ഭീമാപള്ളി വെടിവെപ്പ്. തങ്കമണിയും കൂത്തുപറമ്പും വാര്‍ത്തയാക്കി ആഘോഷിച്ചവര്‍ സംഭവദിവസം ഫ്ളാഷുകള്‍ കാണിച്ചവര്‍ അത് പിന്നെ ഭരണകൂടഭീകരതയാണെന്ന് തെളിഞ്ഞപ്പോള്‍ ക്യാമറക്കണ്ണുകള്‍ അടക്കുന്നതാണ് നാം കണ്ടത്.
ജൂഡീഷ്യറിയെക്കാള്‍ മുമ്പേ മാധ്യമ വിചാരണ നടത്തിയ സംഭവങ്ങളാണ് 2006 മുംബൈ സ്ഫോടനം, 2006ലെ മാലേഗാവ് സ്ഫോടനം, 2001 സംജോദ എക്സ്പ്രസ്, 2002 മക്കാ മസ്ജിദ് 2001 അജ്മീര്‍, 2006 നന്ദേഡ് സംഭവങ്ങള്‍. ഈ സംഭവങ്ങളിലൊക്കെയും സത്യം മറുവശത്തായിരുന്നു എന്നും നാം കണ്ടതാണ്, എന്നിട്ടും പാഠങ്ങള്‍ പഠിക്കാനോ തെറ്റുകള്‍ തിരുത്താനോ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്നത് ഇതെല്ലാം ഉദ്ദേശ്യപൂര്‍വം നടത്തപ്പെടുന്നതാണെന്ന നമ്മുടെ ധാരണയെ ബലപ്പെടുത്തുകയാമ് ചെയ്യുന്നത്.
00 കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരൊറ്റ നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന നിയമതത്വം കാവല്‍ നില്‍ക്കുമ്പോള്‍ അനേകം നിരപരാധികളെ വേട്ടയാടി നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ നശിപ്പിച്ചു. തീവ്രവാദത്തിന്റെ മുന മുസ്ലിം സമുദായത്തില്‍ നിന്ന് മറ്റൊരു സമുദായത്തിലേക്ക് നീങ്ങിയപ്പോള്‍ വാര്‍ത്ത വായിച്ചവരും എഴുതിയവരും വിചാരണ നിര്‍ത്തി. മുസ്ലിം ചെറുപ്പക്കാരെ തെരഞ്ഞു പിടിച്ച് വെടിവെച്ചു കൊന്ന് നെഞ്ചില്‍ പതക്കങ്ങള്‍ വാരിക്കൂട്ടിയ സൈന്യാധിപന്‍മാരെ നോക്കി മനസാക്ഷി തണുത്തുറഞ്ഞു പോകാത്തവരും അധികാര മോഹമില്ലാത്ത മതേതരവാദികളും ഏകസ്വരത്തില്‍ പറഞ്ഞൊരു കാര്യമുണ്ട്, ഇതിന്റെയൊക്കെ പിന്നില്‍ മറ്റാരോ ആണെന്ന്. തെളിവുകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ ആണ് കര്‍ക്കരെയും സലസ്കരും കൊല്ലപ്പെടുന്നത്. കൂടുതല്‍ നിഷ്പക്ഷതയോടെ കാര്യങ്ങള്‍ വിലയിരുത്താന്‍ ബാധ്യസ്ഥരായ മാധ്യമങ്ങള്‍ കൂടുതല്‍ ഉള്‍വലിയുകയാണ് ചെയ്തത്. തന്റെ ഭര്‍ത്താവിനെ കൊന്നത് ആരാണെന്ന് കര്‍ക്കറെയുടെ ഭാര്യ രാജ്യത്തോട് ചോദിക്കുമ്പോള്‍ കൂടെനിന്ന് ചോദ്യം ആവര്‍ത്തിക്കാന്‍ നമ്മുടെ പത്രങ്ങള്‍ക്ക് ധൈര്യമുണ്ടായില്ല.
തീവ്രവാദ വേട്ടയുടെ മറവില്‍ മുസ്ലിം ചെറുപ്പക്കാര്‍ക്ക് രാജ്യത്തെവിടെയും നിര്‍ഭയത്തോടെ സഞ്ചരിക്കാന്‍, പഠിക്കാന്‍ ജോലിയെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അവരുടെ ഭാഷയും സംസ്കാരവും സംശയത്തിലാണ്. ഇന്ത്യയെ ഏക ശിലാരൂപത്തില്‍ വാര്‍ത്തെടുക്കാന്‍ പാടുപെടുന്നവരും സാമ്രാജ്യത്വവും പിടിമുറുക്കുമ്പോള്‍ മുസ്ലിംകള്‍ സ്വന്തത്തിലേക്ക് തന്നെ ഒതുങ്ങേണ്ടി വരികയാണ്. മക്ക മസ്ജിദ് സ്ഫോടനത്തിന്റെ പേരില്‍ 18 മാസത്തോളം തടവിലിട്ട യുവാക്കള്‍ നിരപരാധികളെന്ന് തെളിയിക്കപ്പെട്ടപ്പോഴേക്കും അവരുടെ എഞ്ചിനീയറിംഗ് പഠനം നിലച്ചിരുന്നു. തീവ്രവാദി മുദ്രകുത്തി ജീവിതം തുലച്ച ഈ കൂട്ടര്‍ക്ക് ഓട്ടോറിക്ഷ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞാണ് ഭരണകൂടം നീതി പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചത്. എന്നും റിക്ഷവലിക്കാരും ചെരുപ്പ്ക്കുത്തികളുമാകാന്‍ വിധിക്കപ്പെട്ട ഒരു സമുദായം അവരെ അങ്ങനെ ആക്കിത്തീര്‍ത്തവരോട് ഏതെങ്കിലും അര്‍ത്ഥത്തില്‍ പ്രതികാരം ചെയ്താല്‍ അവരെ തീവ്രവാദി എന്നു വിളിക്കാന്‍ മീഡിയകള്‍ക്കും ഭരണ കൂടത്തിനും എന്താണ് അവകാശം. ഇശ്രത്ത് ജഹാന്‍ എന്ന പെണ്‍കുട്ടിയെ ഭീകരവാദിയാക്കി ചിത്രീകരിച്ച് കുടുംബത്തെ ഒറ്റപ്പെടുത്തിയപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞതിന് ശേഷം നിരപരാധിയെന്ന് വിധിച്ചു. മുസ്ലിംകളും പിന്നാക്കജാതിക്കാരും വിദ്യാഭ്യാസരംഗത്ത് കുതിച്ചുചാട്ടം നടത്തുമ്പോള്‍, നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ തിരിച്ചുവാങ്ങാന്‍ ശ്രമിക്കുമ്പോള്‍, രാഷ്ട്രീയ കൂട്ടായ്മ രൂപീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒക്കെ തന്നെയാണ് തീവ്രവാദത്തിന്റെ പുകമറയ്ക്കുള്ളിലാക്കി ഒതുക്കാന്‍ ശ്രമിക്കുന്നത്. നിയമവും നീതിപീഠവും കാണാതെ പോയത് തങ്ങള്‍ പറയുന്നു എന്ന് വാദിക്കുന്നവരും ജുഡീഷ്യറിക്കു മുമ്പേ ഒരാളെ കുറ്റവാളിയെന്ന് വിധിക്കുന്നവരും വ്യക്തി എന്ന നിലയില്‍ സമൂഹത്തിലുള്ള അന്തസ്സിനെയും അഭിമാനത്തെയുമാണ് നശിപ്പിക്കുന്നത്. കോടതിവിധിയെപ്പോലും തെറ്റായ രീതിയില്‍ സ്വാധീനിക്കാന്‍ ചിലപ്പോള്‍ ഇത്തരം മാധ്യമ വിചാരണകള്‍ കാരണമാകുന്നുണ്ട്. ലൌജിഹാദ് വിഷയത്തിലും സൂഫിയാ മഅ്ദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിധി പ്രസ്താവന വേളയിലും ഇത് പ്രകടമായതാണ്. ഭരണഘടന 21-ാം വകുപ്പ് ഉറപ്പുനല്‍കുന്ന വ്യക്തിയുടെ നീതിപൂര്‍വമായ വിചാരണ എന്ന മൌലികാവകാശത്തിന്മേലുള്ള കയ്യേറ്റവുമാണിത്.
നമുക്ക് ഇവിടെ വ്യക്തമായി മനസ്സിലാകുന്ന ഒരു കാര്യമുണ്ട് സാമ്രാജ്യത്വം, ആഗോളതലത്തില്‍ തന്നെ പയറ്റിയ ഒരു തന്ത്രമാണ് ഇന്ത്യയിലും അവര്‍ പരീക്ഷിക്കുന്നത്. തീവ്രവാദത്തിന്റെ ലോക അംബാസിഡറാണ് സദ്ദാം ഹുസൈന്‍ എന്ന് പറഞ്ഞ് ഇറാഖില്‍ അധിനിവേശം സ്ഥാപിക്കുന്നതിനു മുമ്പേയും അഫ്ഗാനിസ്ഥാനില്‍ പടയൊരുക്കം നടത്തുന്നതിനു മുമ്പേയും വിശാലമായ അര്‍ത്ഥത്തില്‍ ഡിക്ചെനിയുടെയും റൊണാള്‍ഡ് റംസെല്‍ഫിന്റെയും നേതൃത്വത്തില്‍ വമ്പന്‍ മാധ്യമ പ്രചരണമാണ് നടത്തിയത്. തീവ്രവാദവേട്ടയുടെ മറവില്‍ കേവലം അഞ്ചാംക്ളാസ് മാത്രം മതവിദ്യ നല്‍കുന്ന ശുഷ്കമായ മദ്രസകളെ തീവ്രവാദത്തിന്റെ ആധികാരിക കേന്ദ്രമെന്ന നിലയില്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ ഹെഡ്ലിയുടെ അമേരിക്കന്‍ ബന്ധവും തഹാവുര്‍ ഹുസൈന്‍ റാണയുടെ കനേഡിയന്‍ ബന്ധത്തെയും മൂടിവെക്കുകയാണ്.
കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി പറഞ്ഞു, 30000 സൈനികരെ കാശ്മീര്‍ താഴ്വരയില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കൊളോണിയല്‍ തന്ത്രത്തിന്റെ പ്രതീകമായ കാശ്മീര്‍ താഴ്വരയില്‍ നിന്നുപോലും രാഷ്ട്രീയ മുഖ്യധാരയിലേക്ക് യുവാക്കള്‍ മടങ്ങുമ്പോള്‍ മതേതര കേരളത്തിലെ യുവാക്കള്‍ എങ്ങനെ കാശ്മീര്‍ താഴ്വരയിലെത്തി ആരാണ് അവരെ കൊണ്ടുപോയത്, ആര്‍ക്കുവേണ്ടി അവര്‍ രക്തസാക്ഷികളായി എന്നതിന് ഇന്ന് വ്യക്തമായ ഉത്തരം പറയാന്‍ ബന്ധപ്പെട്ടവര്‍ക്കോ പത്രങ്ങള്‍ക്കോ ആയിട്ടില്ല.
യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍-ഇസ്രായേല്‍ അച്ചുതണ്ട് അധിനിവേശ താത്പര്യങ്ങളെ ചെറുക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ഫാസിസ്റുകളെയും ഇന്ത്യന്‍ സൈന്യത്തിലെയും രഹസ്യാന്വേഷണവിഭാഗത്തിലെയും ഒരുവിഭാഗത്തെയും മുത്തശ്ശിപത്രങ്ങളെയും അസന്തുലിതചിത്തരായ ചില മുസ്ലീം ചെറുപ്പക്കാരെയും വിലക്കെടുത്ത് നടത്തുന്ന ആസൂത്രിത നീക്കങ്ങളാണ് ഇന്ന് തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരില്‍ നടക്കുന്ന ഈ കാടും കാതും അടച്ചുള്ള വെടിക്കെട്ടുകളെന്ന് മനസ്സിലാക്കാന്‍ പ്യാസമില്ല. അതിനാല്‍ യഥാര്‍ത്ഥ മതവിശ്വാസികളായ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ഒറ്റക്കെട്ടായി ഇത്തരം പ്രചാരണകളെ നേരിട്ട് യഥാര്‍ഥ പ്രതികളെ പുറത്ത് കൊണ്ട് വന്നെങ്കില്‍ മാത്രമേ ഭാവി ഇന്ത്യ ശോഭനമാകുകയുള്ളു. |