സ്ത്രീകള്‍ ആദ്യം നേടേണ്ടത് വ്യക്തിപരമായ ശാക്തീകരണം:
വനിതാ സെമിനാര്‍ (15.11.2009)
കണ്ണൂര്‍: സ്ത്രീകളെ റബര്‍ സ്റ്റാമ്പുകളാക്കി ചൂഷണം ചെയ്യുന്ന രീതി നിലനിര്‍ത്തിക്കൊണ്ട് സംവരണത്തില്‍ എത്രശതമാനം വര്‍ധനവ് കിട്ടിയാലും സ്ത്രീശാക്തീകരണം സന്തുലിതമാവുകയില്ലെന്ന് ജമാഅത്തെ ഇസ്ലാമി വനിതാസെമിനാര്‍ അഭിപ്രായപ്പെട്ടു. നിയമപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള വ്യക്തിപരമായ ശാക്തീകരണമാണ് സ്ത്രീകള്‍ ആദ്യം നേടിയെടുക്കേണ്ടതെന്നും 'സ്ത്രീശാക്തീകരണം: പ്രശ്നങ്ങളും പ്രതിവിധികളും' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ആഹ്വാനം ചെയ്തു.

ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി കെ.കെ.ഫാത്തിമ സുഹ്റ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യംവെച്ചുള്ള പരിശ്രമങ്ങളും കര്‍മപദ്ധതികളും ഏറെ ആവിഷ്കരിക്കപ്പെടുന്ന സ്വാഗതാര്‍ഹമായ സാഹചര്യമാണ് നിലവിലുള്ളത്. എങ്കിലും, സ്ത്രീശാക്തീകരണം സന്തുലിതമാവാത്ത സ്ഥിതി തുടരുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഉന്നത പദവികളിലിരിക്കുന്നവരും സ്ത്രീ ആയതിന്റെ പേരില്‍ ചിലപ്പോള്‍ അപമാനിതരോ അവഗണിക്കപ്പെടുകയോ ചെയ്യുന്നുണ്ട്. 50 ശതമാനം സംവരണം നടപ്പിലാക്കാന്‍ പോകുന്നത് സ്ത്രീകളെ റബര്‍സ്റ്റാമ്പുകളാക്കി നിയന്ത്രിക്കാമെന്ന വ്യാമോഹത്തോടെയാണെങ്കില്‍ അത് തിരുത്തണം. നോട്ടുകെട്ടുകള്‍ക്ക് മീതെയുള്ള ഭരണമാണ് ഇപ്പോഴുള്ളത്. മാധ്യമങ്ങള്‍ പോലും ദുഷ്പ്രചാരണ വേദിയാവുകയാണെന്നതിന്റെ ഉദാഹരണമാണ് ലൌജിഹാദിനെക്കുറിച്ച പ്രചാരണം.

ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതി അംഗം സഫിയ ശറഫിയ്യ വിഷയമവതരിപ്പിച്ചു. സീരിയലുകളിലും പരസ്യങ്ങളിലും കുടുങ്ങി സമയവും സമ്പത്തും കളയാതെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും പുന:സൃഷ്ടിക്കുവേണ്ടി സ്ത്രീകള്‍ കര്‍മരംഗത്തിറങ്ങുകയാണ് ഉചിതമെന്ന് അവര്‍ പറഞ്ഞു. വനിതാവിഭാഗം സംസ്ഥാന സെക്രട്ടറി ആര്‍.സി.സാബിറ അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി ശബീന ശര്‍ഖി, എന്‍.സുകന്യ, തങ്കം നായര്‍, എം.ഖൈറുന്നിസ, സൌദ പടന്ന എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സമ്മേളന ബുള്ളറ്റിന്‍ എഴുത്തുകാരി പി.പ്രമീള പ്രകാശനം ചെയ്തു. മല്‍സരവിജയികള്‍ക്ക് കെ.കെ.റഹീന സമ്മാനങ്ങള്‍ വിതരണം ചെയ്തു. സീനത്ത്ഗാലിബ് ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എ.ടി.സമീറ സ്വാഗതം പറഞ്ഞു.

 

 
 

 

 

 

 

 
 
 
 
©2009. all rights reserved for Jamaath-e-Islami Hind, Kerala.