 |
എറണാകുളം: സ്ത്രീകള്‍ ശരീരവത്കരിക്കപ്പെട്ടതാണ് സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ മുഖ്യ കാരണമെന്ന് പ്രശസ്ത പത്രപ്രവര്‍ത്തക ലീലാമേനോന്‍. ടൂത്ത്പേസ്റിനും ചെരിപ്പിനും പുരുഷന്റെ അണ്ടര്‍വെയറിനും വരെ സ്ത്രീ ശരീരം പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള പരസ്യങ്ങളാണ് വരുന്നത്. 'സാമൂഹ്യ വിപ്ളവത്തിന് സ്ത്രീശക്തി' എന്ന പ്രമേയവുമായി ജ.ഇ. വനിതാ വിഭാഗം 2010 ജനുവരി 24-ന് കുറ്റിപ്പുറത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന വനിതാ സമ്മേളനത്തിന്റെ ജില്ലാ പ്രചാരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
പുരുഷന്റെ റിമോര്‍ട്ട് കണ്‍ട്രോള്‍ വഴി നിയന്ത്രിക്കപ്പെടേണ്ടവളാണ് സ്ത്രീ എന്ന ധാരണക്ക് മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വ്യാപകമാകുന്നു. മിനിറ്റില്‍ രണ്ട് ബലാത്സംഗം നടക്കുന്ന രാജ്യമാണ് നമ്മുടേത്. ബാധ്യതകള്‍ നിര്‍വഹിക്കുന്നതോടൊപ്പം ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ കൂട്ടായ്മകള്‍ വളര്‍ത്തിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പറവൂര്‍ ടൌണ്‍ഹാളില്‍ നടന്ന സമ്മേളനത്തില്‍ വനിതാ വിഭാഗം ജില്ലാ ആക്റ്റിംഗ് പ്രസിഡന്റ് ഒ.എ സുലേഖ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം കെ.എന്‍ സുലേഖ മുഖ്യപ്രഭാഷണം നടത്തി. ആശംസകള്‍ അര്‍പ്പിച്ച് കോണ്‍ഗ്രസ് മഹിളാ സമാജം സംസ്ഥാന സെക്രട്ടറി വത്സല പ്രസന്ന കുമാര്‍, പ്രമുഖ പത്രപ്രവര്‍ത്തക പ്രേമ പിശോരടി, കെ.എസ്.ടി.എ സംസ്ഥാന സമിതിയംഗം ഷൈന്‍ ടീച്ചര്‍, കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി കമല സദാനന്ദന്‍, നിര്‍മല എച്ച്.എസ്.എസ് ആലുവ പ്രഫ. മേരി ജോസ്, ആലങ്ങാട് ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ സാജിത, ജി.ഐ.ഒ എറണാകുളം ജില്ലാ പ്രസിഡന്റ് ഒ.എന്‍ തസ്ലിം പ്രസംഗിച്ചു. ജ.ഇ. ജില്ലാ പ്രസിഡന്റ് വി.എം ഇബ്റാഹീം സമാപന പ്രസംഗം നടത്തി. സുബൈദ റഹ്മാന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രചാരണ കമ്മിറ്റി കണ്‍വീനര്‍ പി.എം നഫീസ നന്ദി രേഖപ്പെടുത്തി. |