സ്ത്രീകള്‍ അവകാശങ്ങളെക്കുറിച്ച് ബോധവതികളാവണം.. ജസ്റീസ് ഡി. ശ്രീദേവി

December 17, 2009

അബ്ബാസിയ: ഇന്ത്യന്‍ ഭരണഘടനയില്‍ സ്ത്രീ പുരുഷന്‍മാര്‍ സമന്‍മാരാണെന്ന് പറയുന്നുണ്ടെങ്കിലും ആ നിയമ പരിരക്ഷ സ്ത്രീക്ക് ലഭിക്കാത്ത സാഹചര്യത്തില്‍ സ്ത്രീകള്‍ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവതികളാവണമെന്ന് കേരള വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ജസ്റീസ് ഡി. ശ്രീദേവി അഭിപ്രായപ്പെട്ടു. "സാമൂഹ്യ വിപ്ളവത്തിന് സ്ത്രീ ശക്തി'' എന്ന പ്രമേയത്തില്‍ ഇസ്ലാമിക് വ്യുമന്‍സ് അസോസിയേഷന്‍ (ഐവ) സംഘടിപ്പിച്ച കുവൈത്ത് വനിതാ സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു.

ഇന്ത്യയിലെ നിലവിലുള്ള മുഹമ്മദന്‍ ലോയിലെ പല നിയമങ്ങളും പൂര്‍ണ്ണമായും ഇസ്ലാമികമല്ലെന്ന് കേരള വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ജസ്റീസ് ഡി. ശ്രീദേവി അഭിപ്രായപ്പെട്ടു. മുസ്ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മുത്ത്വലാഖ് സമ്പ്രദായം അനിസ്ലാമികമാണ്. ത്വലാഖ് ചൊല്ലാന്‍ പുരുഷന് അവകാശമുള്ളതുപോലെ ഫസ്ഖ് ചൊല്ലാന്‍ ഇസ്ലാം സ്ത്രീക്കും അവകാശം വകവെച്ചു നല്‍കുന്നുണ്ട്. കടുത്ത നിബന്ധനകളോടെ ഇസ്ലാം അന്വദനീയമാക്കിയ ബഹുഭാര്യത്വം പോലും പല മുസ്ലിംകളും ഇന്ന് ആചരിക്കുന്നത് ഇസ്ലാമിക നിയമങ്ങള്‍ക്കനുസരിച്ചല്ല.

വികസനത്തിന്റെ പാതയില്‍ മുന്നേറുമ്പോള്‍ തന്നെ കേരളീയ സമൂഹം മൂല്യത്തകര്‍ച്ചയെ നേരിടുകയാണ്. സ്ത്രീകള്‍ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവതികളാവണം. വനിതാ കമ്മീഷനെ സമീപിച്ച് കേരളത്തില്‍ സ്ത്രീകള്‍ക്കുള്ള സൌജന്യ നിയമ സഹായ പദ്ധതി, പരാതികള്‍ പരിഹരിക്കാന്‍ ഉപയോഗപ്പെടുത്തണമെന്ന് അവര്‍ പറഞ്ഞു. പരസ്പരം വേര്‍തിരിഞ്ഞല്ല, മറിച്ച് പുരുഷനോട് തോളോട് തോള്‍ ചേര്‍ന്നാണ് സ്ത്രീ മുന്നോട്ട് പോകേണ്ടത്.

ജമാഅത്തെ ഇസ്ലാമി സെക്രട്ടറി കെ. കെ. ഫാത്വിമ സുഹ്റ മുഖ്യ പ്രഭാഷണം നടത്തി. തലമുറകള്‍ക്ക് പിറവി നല്‍കുന്ന സ്ത്രീ സമൂഹത്തിന്റെ പകുതിയാണ്. അതിനാല്‍ സമൂഹത്തിന്റെ സമുദ്ധാരണത്തില്‍ സ്ത്രീയടെ പങ്ക് അനിഷേധ്യമാണെന്ന് അവര്‍ പറഞ്ഞു. സാമൂഹ്യ മേഖലയില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിത്യം നല്‍കാന്‍ സമൂഹം തയ്യാറായിട്ടില്ല. സ്ത്രീയും പുരുഷനും തുല്ല്യ ശക്തികളാണ്. തിന്മയുടെ മൂലകാരണം വിശ്വാസത്തിന്റെ കുറവാണ്. സമൂഹത്തില്‍ നന്മയുടെ വ്യാപനത്തിന് സ്ത്രീയും, പുരുഷനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. സ്ത്രീകളിലുണ്ടായ വിദ്യാഭ്യാസപരമായ മുന്നേറ്റം മറ്റു മേഖലകളില്‍ കാണുന്നില്ല. മാറ് മറക്കാന്‍ വേണ്ടി സമരം നടന്ന നാട്ടില്‍ മാറ് തുറന്നിട്ട് നടക്കാന്ള്ള സ്വാതന്ത്യ്രത്തിന് വേണ്ടി ശബ്ദമുയര്‍ന്നുതുടങ്ങിയിരിക്കുന്നു. സാമൂഹ്യ മാറ്റത്തിനുവേണ്ടി ചിന്തിക്കാനും പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞയെടുത്തും സ്ത്രീകള്‍ ഒരുമിച്ച്കൂടിയതില്‍ അവര്‍ സന്തോഷം പ്രകടിപ്പിച്ചു.

ദൈവം സ്ത്രീക്ക് നല്‍കിയ അവകാശങ്ങള്‍ വകവെച്ചുകൊടുക്കണമെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ പ്രഖ്യാപിത നയം. സ്ത്രീ ശക്തിയെ തെറ്റായി വിനിയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ അതിനെ ശരിയായ ദിശയിലേക്ക് തിരിച്ചുവിടുകയാണ് ജമാഅത്തെ ഇസ്ലാമി കേരള വനിതാ സമ്മേളനം കൊണ്ട് ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം ജന്വരി 14 ന് കുറ്റിപ്പുറത്ത് ജമാഅത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന കേരള വനിതാ സമ്മേളനം വിജയിപ്പിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.

ശ്രീമതി ഇറ മല്‍ഹോത്ര ആശംസാ പ്രസംഗം നിര്‍വ്വഹിച്ചു. ഐവ വനിതകള്‍ക്ക് വേണ്ടി നടത്തിയ വിജ്ഞാന പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നടന്നു. സമ്മേളനത്തില്‍ ഗീതാ ജയകുമാര്‍ (വനിതാ വേദി), ലിസി കുര്യാക്കോസ്, ആരിഫാ ഫത്താഹ്, ജസീമ (എം. ഇ. എസ്), ഇഫ്തികാര്‍ ഹുദ (ഐ. എം. എ.), നസ്റീന്‍ സഹറുദ്ധീന്‍ (കുവൈത്ത് ടൈംസ്), സിസ്റര്‍ ഈമാന്‍ (അവെയര്‍ സെന്റര്‍), ഫാത്തിമ ഹുസൈന്‍ (സബാ ഹോസ്പിറ്റല്‍) എന്നിവര്‍ പങ്കെടുത്തു. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന സമ്മേളനത്തില്‍ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ആയിരത്തോളം സ്ത്രീകള്‍ പങ്കെടുത്തു. ഐവ പ്രസിഡന്റ് ഇന്‍. നസീറ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം ജനറല്‍ കണ്‍വീനര്‍ വര്‍ദ്ദ അന്‍വര്‍ സ്വാഗതം പറഞ്ഞു. നഫീസ ഷുക്കൂര്‍ ഖിറാഅത്തും ജനറല്‍ സെക്രട്ടറി സമിയ്യ ഫൈസല്‍ നന്ദിയും പറഞ്ഞു.

 
 

 

 

 

 

 
 
 
 
©2009. all rights reserved for Jamaath-e-Islami Hind, Kerala.