തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി സംസ്ഥാന വനിതാ സമ്മേളനം അടുത്ത വര്‍ഷം ജനുവരി 24 ന് മലപ്പുറം കുറ്റിപ്പുറത്ത് നടക്കും. സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് പ്രഖ്യാപന സമ്മേളനം ഈ മാസം നാലിന് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഉച്ചക്ക് രണ്ടരക്ക് നടക്കുന്ന പ്രഖ്യാപന സമ്മേളനം ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം തമിഴ്നാട് സംസ്ഥാന അധ്യക്ഷ അമത്തുല്‍ വഹീദ് ഫാഖിറ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ ടി. ആരിഫലി, സംസ്ഥാന സെക്രട്ടറി കെ.കെ. ഫാത്വിമാ സുഹ്റ, ഒ.വി. ഉഷ, സി.കെ. ജാനു, റസിയ ചാലക്കല്‍, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. റഹ്മാബി, ഇ.സി. ആയിഷ, കെ.കെ. റഹീന തുടങ്ങിയവര്‍ സംസാരിക്കും.
സ്ത്രീകള്‍ക്കിടയില്‍ സാമൂഹിക അവബോധം സൃഷ്ടിച്ച് സമൂഹ പുനര്‍നിര്‍മാണ പ്രക്രിയയില്‍ പങ്കുകൊള്ളാന്‍ പ്രാപ്തരാക്കുക എന്നതാണ് വനിതാ സമ്മേളനത്തിന്റെ ഉദ്ദേശ്യമെന്ന് സംസ്ഥാന സെക്രട്ടറി കെ.കെ. ഫാത്വിമാ സുഹ്റ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമൂഹിക നവോത്ഥാനത്തിനും വിപ്ലവ പ്രക്രിയയിലും സ്ത്രീകള്‍ക്കുള്ള ക്രിയാത്മക പങ്ക് ഉയര്‍ത്തിപ്പിടിക്കുന്നതാണ് സംസ്ഥാന വനിതാ സമ്മേളനം. സ്ത്രീകളുടെ ആത്മീയവും സാമൂഹികവുമായ മുന്നേറ്റം ലക്ഷ്യമാക്കി നടത്തുന്ന സമ്മേളനത്തില്‍ ഒരു ലക്ഷം പ്രതിനിധികള്‍ പങ്കെടുക്കുമെന്നും ഫാത്വിമാ സുഹ്റ പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി വിവിധ ബോധവത്കരണ-പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. ആലപ്പുഴ, എറണാകുളം,തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. കൂടാതെ ഗൃഹാങ്കണ യോഗങ്ങള്‍, കുടുംബ സംഗമങ്ങള്‍, പൊതുയോഗങ്ങള്‍, സ്ത്രീകള്‍ക്ക് മല്‍സര പരിപാടികള്‍ തുടങ്ങിയവയുമുണ്ടാകും. സമ്മേളനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന സേവന പദ്ധതികളിലൂടെ സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ തെരഞ്ഞെടുത്ത വാര്‍ഡുകള്‍ നവീകരിക്കും. ഫാമിലി കൌണ്‍സലിംഗ് സെന്ററുകള്‍ സ്ഥാപിക്കുക തുടങ്ങിയ പദ്ധതികളും നടപ്പിലാക്കുമെന്നും ഫാത്വിമാ സുഹ്റ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പി.വി. റഹ്മാബി, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ജെ.കെ. ഹസീന, സമ്മേളന കണ്‍വീനര്‍ ഇ.സി. ആയിഷ എന്നിവരും പങ്കെടുത്തു.
|