മലപ്പുറത്തിന്റെ നേര്‍ക്കാഴ്ച വായിച്ച് പഠിച്ചതില്‍നിന്ന് വിരുദ്ധം: കബിതാ മുഖോപാധ്യായ (31.10.2009)

മലപ്പുറം: ദൈവം തന്ന സ്വാതന്ത്യ്രം എടുത്തുമാറ്റിയതാരാണെന്ന് ചോദ്യം ചെയ്യാന്‍ സ്ത്രീ സമൂഹം തയാറാകണമെന്നും നല്ല മനസ്സുണ്ടെങ്കില്‍ നന്മ പുലരുന്ന ലോകം സാധ്യമാണെന്നും സാമൂഹിക പ്രവര്‍ത്തകയും ചിത്രകാരിയുമായ കബിതാ മുഖോപാധ്യായ. ജനുവരി 24ന് കുറ്റിപ്പുറത്ത് നടക്കുന്ന ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമ്മേളനത്തിന്റെ ജില്ലാ പ്രചാരണോദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
വായിച്ചും പഠിച്ചും അറിഞ്ഞ മലപ്പുറമല്ല നേര്‍ക്കാഴ്ചയെന്ന് ഇംഗ്ലീഷും മലയാളവും കലര്‍ത്തിയുള്ള പ്രസംഗത്തില്‍ കബിത പറഞ്ഞു. സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്ന അരാജകത്വത്തിനെതിരെ പോരാടാന്‍ സ്ത്രീ ശക്തിക്കു മാത്രമേ കഴിയൂ. സ്ത്രീ ഏറെ തെറ്റിദ്ധരിക്കപ്പെട്ടവളാണ്. ചരിത്രം അവളെ കൃത്യമായി രേഖപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. നിരവധി പോരാട്ടങ്ങള്‍ നടന്ന മലപ്പുറത്ത് സ്ത്രീകളുടെ നിറസാന്നിധ്യമുള്ള മനോഹര സായാഹ്നം ലഭിക്കുമെന്ന് സങ്കല്‍പിച്ചിട്ടു പോലുമില്ലെന്നും കബിത കൂട്ടിച്ചേര്‍ത്തു.
ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി കെ.കെ. ഫാത്തിമ സുഹ്റ ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണ രംഗത്തെ ശക്തമായ ചുവടുവെപ്പാണ് സമ്മേളനമെന്നും സ്ത്രീയുടെ വ്യക്തിത്വത്തിനോ അസ്തിത്വത്തിനോ നേരെയുള്ള അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാത്തിടത്തോളം യഥാര്‍ഥ ശാക്തീകരണം സാധ്യമല്ലെന്നും അവര്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം പി.വി. റഹ്മാബി സമ്മേളന പ്രമേയം വിശദീകരിച്ചു. ക്രിയാത്മക സമരത്തിലൂടെ സമൂഹത്തില്‍ അര്‍ഹിക്കുന്ന ഇടം കണ്ടെത്താന്‍ സ്ത്രീ സമൂഹത്തെ പ്രാപ്തമാക്കുകയെന്നതാണ് സമ്മേളനം പ്രമേയംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
സമൂഹ നിര്‍മിതിയിലും സമര രംഗത്തും വിലമതിക്കുന്ന ഇടപെടലുകള്‍ നടത്താന്‍ അവരെ സജ്ജരാക്കുകയെന്നതും ലക്ഷ്യമാണ്. സമൂഹത്തിന്റെ അടിത്തറയായ കുടുംബമെന്ന വിളക്ക് കെട്ടുപോകാന്‍ അനുവദിക്കാതെ സേവന രംഗത്തും വൈജ്ഞാനിക മേഖലയിലും പ്രവര്‍ത്തിക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കേണ്ടതുണ്ട്. മാറ് മറക്കാനുള്ള സ്വാതന്ത്യ്രത്തിനായി പോരാട്ടം നടന്ന സംസ്ഥാനത്ത് മാറ് പ്രദര്‍ശിപ്പിക്കാനും അഴിഞ്ഞാടാനുമുള്ള സ്വാതന്ത്യ്രത്തിനുവേണ്ടിയാണ് മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്യ്രമെന്നതിന്റെ അര്‍ഥം എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുകൊണ്ടുള്ള അഴിഞ്ഞാട്ടമല്ലെന്നും സ്ത്രീയും പുരുഷനും ചേര്‍ന്ന് ഒരുമിച്ച് സമൂഹനിര്‍മിതി നടത്തുകയെന്നതാണെന്നും റഹ്മാബി പറഞ്ഞു. സമ്മേളന കണ്‍വീനര്‍ ഇ.സി. ആയിശ, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് കെ.പി. ജസീല എന്നിവര്‍ സംസാരിച്ചു. വൈകീട്ട് കലക്ടറേറ്റിന് സമീപം സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് വനിതകള്‍ പങ്കെടുത്തു. സുബൈദ സ്വാഗതവും കെ.എ. സാഹിറ നന്ദിയും പറഞ്ഞു. സകിയ മുഹ്യുദ്ദീന്‍ അബ്ദുല്ല ഖിറാഅത്ത് നടത്തി.

 

 
 

 

 

 

 

 
 
 
 
©2009. all rights reserved for Jamaath-e-Islami Hind, Kerala.