 |
 |
കോഴിക്കോട്: ദലിത്, മുസ്ലിം പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് സ്ത്രീസംവരണത്തില്‍ ഈ വിഭാഗങ്ങള്‍ക്ക് പ്രത്യേക ക്വോട്ട അനുവദിക്കണമെന്ന് മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് മെമ്പര്‍ ഡോ. ഹസീന ഹാശിയ. പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ അതിനനുസരിച്ച് ബില്ലില്‍ മാറ്റം വരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജനുവരി 24ന് കുറ്റിപ്പുറത്ത് നടക്കുന്ന കേരള വനിതാ സമ്മേളനത്തിന്റെ മുന്നോടിയായി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ടൌണ്‍ഹാളില്‍ 'സ്ത്രീ സംവരണം: സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ജനാധിപത്യം വിജയിക്കണമെങ്കില്‍ നിയമനിര്‍മാണ സഭകളിലും തദ്ദേശഭരണ സ്ഥാപനങ്ങളിലും ജനസംഖ്യാനുപാതിക പ്രാതിനിധ്യം വേണം. ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകള്‍ക്ക് രാഷ്ട്രീയ, സാമൂഹിക, സാമ്പത്തികരംഗങ്ങളില്‍ എന്നും വിവേചനമാണ്. ജനസംഖ്യയില്‍ 48.6 ശതമാനമുള്ള സ്ത്രീകള്‍ക്ക് 16ാം ലോക്സഭയില്‍ തുച്ഛമായ പ്രാതിനിധ്യം മാത്രമാണുള്ളത്. അവസരങ്ങള്‍ നല്‍കാത്തതാണ് സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരുന്നതിന് തടസ്സം. പട്ടികജാതി വിഭാഗങ്ങളേക്കാള്‍ പിന്നാക്കമാണ് മുസ്ലിം സമുദായമെന്ന് സച്ചാര്‍ കമ്മിറ്റി വ്യക്തമാക്കിയതാണ്. മുസ്ലിം സ്ത്രീകളുടെ സ്ഥിതി ഇതിനേക്കാള്‍ ദയനീയമാണ്. അതിനാല്‍ അവരുടെ സാമൂഹികപ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടാകണം.
പാര്‍ശ്വവത്കരിക്കപ്പെട്ട മുസ്ലിം സ്ത്രീകളടക്കമുള്ളവരുടെ മുന്നേറ്റവും ശാക്തീകരണവും രാജ്യത്തിന് ആവശ്യമാണ്. 50 ശതമാനം സംവരണവും സംവരണത്തിലെ സംവരണവുംകൊണ്ടു മാത്രമേ സ്ത്രീകളെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനാവൂ എന്നും അവര്‍ പറഞ്ഞു.
സ്വാതന്ത്യ്രം നേടി ആറു പതിറ്റാണ്ട് കഴിഞ്ഞിട്ടും മൂന്നിലൊന്ന് സംവരണത്തെപ്പറ്റിയുള്ള ചര്‍ച്ചകളാണ് പാര്‍ലമെന്റിലടക്കം നടക്കുന്നതെന്നത് ഖേദകരമാണെന്ന് മുന്‍ എം.പി അഡ്വ. സതീദേവി പറഞ്ഞു.
സ്ത്രീകള്‍ക്ക് നേര്‍പകുതി സംവരണത്തിന് അവകാശമുണ്ടെന്നും സ്ത്രീസംവരണം ആവശ്യപ്പെടുമ്പോള്‍ പിന്നാക്ക സംവരണത്തിനു വാദിക്കുന്നത് ബില്‍ പരമാവധി വൈകിപ്പിക്കാനാണെന്നും അവര്‍ പറഞ്ഞു.
സ്ത്രീകളുടെ മൌലികമായ അവകാശമാണ് സംവരണമെന്നും ആരുടെയും ഔദാര്യമല്ലെന്നും ആദിവാസി ഗോത്ര മഹാസഭാ കണ്‍വീനര്‍ സി.കെ. ജാനു പറഞ്ഞു. സംവരണത്തില്‍ സംവരണം ഉണ്ടെങ്കില്‍ മാത്രമേ പിന്നാക്കം നില്‍ക്കുന്ന സ്ത്രീവിഭാഗങ്ങള്‍ക്ക് മുന്നേറ്റമുണ്ടാകൂവെന്ന് വനിതാ ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി. മറിയുമ്മ അഭിപ്രായപ്പെട്ടു.
നേതൃസ്ഥാനത്ത് സംവരണം നടപ്പാക്കി മാതൃക കാണിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകണമെന്ന് വിഷയമവതരിപ്പിച്ച് ജമാഅത്തെ ഇസ്ലാമി വനിതാ സംസ്ഥാന സമിതിയംഗം സൌദ പടന്ന പറഞ്ഞു.
രാഷ്ട്രീയ സാമൂഹികരംഗത്ത് സ്ത്രീകള്‍ വരുന്നതിനെ ഇസ്ലാം എതിര്‍ത്തിട്ടില്ല. എന്നാല്‍, കുടുംബത്തെ അവഗണിച്ച് വിപ്ലവം സൃഷ്ടിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.
ജി.ഐ.ഒ സംസ്ഥാന സമിതിയംഗം ഒ.വി. ആബിദ, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. റഹ്മാബി എന്നിവര്‍ സംസാരിച്ചു. വായന ദിനത്തോടനുബന്ധിച്ച് ജി.ഐ.ഒ നടത്തിയ പ്രബന്ധ^വയന മല്‍സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് കെ.കെ. ഫാത്തിമ സുഹറ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എന്‍. സുലൈഖ സ്വാഗതം പറഞ്ഞു. |