December 5, 2009 10:19 AM
ആലപ്പുഴ: ജമാഅത്തെ ഇസ്ലാമി വനിതാ സമ്മേളനത്തിന്റെ മുന്നോടിയായി 'രാഷ്ട്ര പുനര്‍നിര്‍മിതിയില്‍ സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തില്‍ ആലപ്പുഴയില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
രാജ്യത്ത് സ്വാതന്ത്യ്രാനന്തരം സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളും പ്രശ്നങ്ങളും സവിസ്തരം പ്രതിപാദിച്ച സെമിനാര്‍ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ സ്ത്രീ പങ്കാളിത്തത്തിന് പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു.
മുന്‍ എം.പി സി.എസ് സുജാത സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടാനുള്ള കഴിവ് സ്ത്രീകള്‍ ആര്‍ജിക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. എല്ലാ രംഗത്തും അഴിമതി നടമാടുമ്പോള്‍ സ്ത്രീകള്‍ ഭരിക്കുന്ന കേന്ദ്രങ്ങളില്‍ അഴിമതി കുറവാണെന്നും പുരുഷന്മാര്‍ സ്ത്രീകളുടെ ശത്രുവാണെന്ന നിലപാടിനോട് തനിക്ക് യോജിപ്പില്ലെന്നും അവര്‍ പറഞ്ഞു. വിവാഹധൂര്‍ത്ത്, അന്ധവിശ്വാസം, സ്ത്രീധനം തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ പോരാടാന്‍ സ്ത്രീ സമൂഹത്തെ അവര്‍ ആഹ്വാനം ചെയ്തു.
നിയമനിര്‍മാണസഭകളില്‍ സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. പാര്‍ലമെന്റില്‍ 308 അംഗങ്ങള്‍ കോടീശ്വരന്മാരാണ്. ലൌജിഹാദ്, തീവ്രവാദം എന്നിവയെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ നടത്തുന്ന നീക്കം തിരിച്ചറിയണമെന്നും സുജാത പറഞ്ഞു.
ക്രിയാത്മകമായ ചിന്തക്കും ചര്‍ച്ചക്കും നേതൃത്വം നല്‍കുന്ന ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ആര്‍ഭാട ജീവിതവും പണത്തോടുള്ള ആര്‍ത്തിയുമാണ് സമൂഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറവാണെന്നും അത് മാറണമെന്നും അവര്‍ പറഞ്ഞു. ജ.ഇ വനിതാവിഭാഗം സംസ്ഥാന സമിതിയംഗം എച്ച്. നുസ്റത്ത് വിഷയം അവതരിപ്പിച്ചു. സ്ത്രീ ശാക്തീകരണം പതിറ്റാണ്ടുകളായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും സ്ത്രീകളുടെ അവസ്ഥക്ക് മാറ്റമുണ്ടായിട്ടില്ലെന്ന് അവര്‍ പറഞ്ഞു.
ജ.ഇ വനിതാവിഭാഗം സംസ്ഥാന സമിതിയംഗം സുബൈദ തിരൂര്‍ക്കാട് അധ്യക്ഷത വഹിച്ചു. കവയിത്രി കണിമോള്‍, ജ.ഇ. വനിതാവിഭാഗം ജില്ലാ പ്രസിഡന്റ എച്ച്. യാസ്മിന്‍, ജി.ഐ.ഒ സംസ്ഥാന സമിതിയംഗം ഷുഹ്ദ കൊല്ലം സംസാരിച്ചു. സംസ്ഥാന സമിതിയംഗം ഇ.സി ആഇശ സമാപനപ്രസംഗം നടത്തി. ബുഷ്റ ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു. |