സ്ത്രീ ശാക്തീകരണം പ്രശ്നങ്ങളും പ്രതിവിധികളും

January 6, 2010

ഐക്യരാഷ്ട്രസഭ മുതല്‍ ലോകത്തെ മിക്കവാറും എല്ലാ രാഷ്ട്രങ്ങളും സന്നദ്ധ സ്വകാര്യസംഘടനകളും ഏറെ കാലമായി ചര്‍ച്ച നടത്തുകയും തത്വങ്ങളാവിഷ്ക്കരിക്കുകയും ചെയ്ത ഒരു വിഷയമാണ് സ്ത്രീ ശാക്തീകരണം.
സ്ത്രീ സമൂഹത്തിന്റെ സര്‍വ്വോന്‍മുഖമായ വളര്‍ച്ചയും വികാസവും സമൂഹ നിര്‍മ്മാണത്തില്‍ ക്രിയാത്മക പങ്ക് വഹിക്കാവുന്ന വിധത്തിലുള്ള കഴിവുകള്‍ ആര്‍ജ്ജിക്കലുമാണ് സ്ത്രീശാക്തീകരണത്തി ന്റെ ലക്ഷ്യം. നൂറ്റാണ്ടുകള്‍ക്കപ്പുറത്തു തന്നെ സൃഷ്ടാവായ ദൈവം സത്രീശാക്തീകരണത്തിന്റെ തത്വങ്ങ ളും മാര്‍ഗ്ഗങ്ങളും ലോകത്തിന് മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണം കൊണ്ട് ശ്രദ്ധ കേന്ദ്രീകരി ക്കേണ്ടത് സ്ത്രീത്വത്തിന്റെ മികച്ച പ്രകടനത്തിലാണ്. സമൂഹനിര്‍മ്മാണത്തില്‍ അവള്‍ സജീവ പങ്കാളി ആവണം. സമൂഹത്തിന്റെ എല്ലാ തുറകളിലും ശാക്തീകരിക്കപ്പെടേണ്ടവളാണവള്‍ .
സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ തലങ്ങളില്‍ ഒരു സ്ത്രീ എത്രത്തോളം ശാക്തീകരിക്കപ്പെടുന്നു വോ അത്രയും ആത്മവിശ്വാസമുള്ളവളായി അവള്‍ മാറും. പുതിയ ചിന്തകള്‍ ആവിഷ്കരിക്കാനും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കാനും സാധിക്കും. അങ്ങനെ കുടുംമ്പത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും ലോകത്തിനു തന്നെയും മികച്ച സംഭാവനകള്‍ നല്‍കാന്‍ സ്ത്രീക്കു സാധിക്കുമെന്നതിന് ചരിത്രം സാക്ഷി യാണ്.
സൃഷ്ടാവായ ദൈവം സ്ത്രീയുടെ വ്യക്തിത്വത്തെയും പദവിയെയും അസ്തിത്വത്തെയും സാമൂഹ്യ പങ്കാളിത്തത്തേയും പദവിയെയും എല്ലാം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോഴും സൃഷ്ടി കള്‍ അവള്‍ക്ക് ആത്മാവുണ്ടോ ബുദ്ധിയുണ്ടോ എന്നു സംശയിക്കുന്നു.
സ്ത്രീശാക്തീകരണത്തിന് നിലവില്‍ ധാരാളം പ്രശ്നങ്ങളുണ്ട്. അവ പരിഹരിക്കപ്പെടുമ്പോഴെ ശാക്തീകരണം സാധ്യമാവുകയുള്ളൂ. സ്ത്രീകളുടെ നിലവിലുള്ള അവസ്ഥ വെളിപ്പെടുത്തുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ അതിന്റെ തെളിവാണ്. സ്ത്രീക്ക് നേരെയുള്ള അതിക്രമങ്ങളുടെ വര്‍ദ്ധനവാണ് അതില്‍ മുഖ്യമായത്. പ്രത്യേകിച്ചും ഗാര്‍ഹിക പീഡനങ്ങള്‍. അതേ കുറിച്ച് നടത്തിയ പഠനത്തില്‍ കേരളത്തിലെ 62.35 സ്ത്രീകള്‍ ശാരീരിക പീഡനത്തിനും 61.61 സ്ത്രീകള്‍ മാനസിക പീഡനത്തിനും വിധേയരാവുന്ന തായി കണ്ടെത്തി. സ്ത്രീധന കേസുകളും ബലാത്സംഗങ്ങളും നിത്യേന റിപ്പോര്‍ട്ട് ചെയ്യപെടുന്നുണ്ട്.
സാംസ്കാരിക ജീര്‍ണ്ണതയുടെയും സദാചാര തകര്‍ച്ചയുടെയും മൂല്യനിരാസത്തിന്റെയും ഞെട്ടി ക്കുന്ന വാര്‍ത്തകളാണ് ദിവസവും. പെറ്റമ്മയെപ്പോലും മാനഭംഗപ്പെടുത്താന്‍ മടിയില്ലാത്ത മക്കളും സ്വന്തം രക്തത്തില്‍ പിറന്ന മകളെ ബലാത്സംഗം ചെയ്യുന്ന പിതാക്കളും........... എവിടെയാണ് അവള്‍ക്ക് സുരക്ഷയുള്ളത്?. വീട്ടിലും നാട്ടിലും പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലുമെല്ലാം സ്ത്രീക്കു നേരെ പീഡനങ്ങള്‍ നടക്കുന്നുണ്ട്. മദ്യവും മയക്കുമരുന്നും ഇതിന് കൊഴുപ്പുകൂട്ടുകയും ചെയ്യുന്നു. അമ്മയും സഹോദരിയുമായി കാണേണ്ട സ്ത്രീയെ ഏറ്റവും അതികം പീഡനത്തിനും അപമാനത്തിനും ഇരയാക്കുന്നു.
സ്ത്രീശരീരത്തെ വില്‍പന ചരക്കാക്കി പണം കൊയ്യുന്ന മാധമങ്ങളും സ്ത്രീയെ ഒരു ചരക്കായി കാണുന്ന പാശ്ചാത്യന്‍ സംസ്കാരവും ടൂറിസം നയവുമൊക്കെ ഈ പീഡനങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. സ്ത്രീധന ആത്മഹത്യകളും പെണ്‍ഭ്രൂണഹത്യകളും പെണ്‍വാണിഭങ്ങളും ഇന്ത്യന്‍ മനസ്സിന്റെ നൊമ്പരങ്ങ ളായി അവശേഷിക്കുന്നു.
സ്ത്രീകളുടെ മോശപ്പെട്ട ആരോഗ്യമാനസിക സ്ഥിതിയാണ് സ്ത്രീശാക്തീരണത്തിനുള്ള മറ്റൊരു പ്രശ്നം. സ്ത്രീകളില്‍ വിഷാദരോഗങ്ങള്‍ വര്‍ദ്ദിക്കുന്നു. മോശപ്പെട്ട മാനസികാരോഗ്യസ്ഥിതി ആത്മഹത്യയി
ലേക്ക് നയിക്കുന്നു.ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകള്‍ക്ക് കൂടി രാഷ്ട്രീയ പങ്കാളിത്തം കാര്യക്ഷമ മായി നല്‍കുകയും അവരെ സമൂഹത്തിന്റ പൊതുധാരയിലേക്ക് കൊണ്ടുവരാനുള്ളശ്രമവും വേണ്ടരൂപ ത്തില്‍ നടക്കാത്തതിനാല്‍ രാഷ്ട്രീയത്തിലെ സ്ത്രീപങ്കാളിത്തത്തിന്റെ കുറവ് ശാക്തീകരണത്തിനുള്ള ഒരു
തടസ്സം തന്നെയാണ്.അതുപോലെതന്നെ ഉയര്‍ന്ന അധ്വാനഭാരവും വീട്ടുചുമതലകളും ഇന്ന് സ്ത്രീയിലാണ്. കേരളത്തിലെ സ്ത്രീകളുടെ അധ്വാനഭാരം പുരുഷന്‍മാരേക്കാളും കൂടുതലാണ്. ഷോപ്പിംഗ്, പാചകം, അലക്കല്‍, കുട്ടികളുടേയും മറ്റു കുടുംബാംഗങ്ങളുടേയും പരിചരണം തുടങ്ങി മുഴുവന്‍ ഉത്തരവാദിത്വവും
അവളിലാണ്.
ഉയര്‍ന്ന വിദ്യാഭാസമുണ്ടായിരുന്നിട്ടും തൊഴില്‍ രംഗത്തും അവളുടെ പങ്കാളിത്തം വളരെ കുറവാ ണെന്നും സ്ത്രീശാക്തീകരണത്തിന് പ്രശ്നമാകുന്നു. പ്രൊഫഷണല്‍ വിദ്യാഭാസരംഗത്ത് പ്രകടമായ ലിംഗ വേര്‍തിരിവുണ്ട്. ഇന്‍ഡസ്ട്രിയല്‍ ട്രൈനിംഗ് ഇന്‍സ്റിറ്റ്യൂട്ടുകളിലും ടെക്നിക്കല്‍ സ്കൂളുകളിലും പെണ്‍കു ട്ടികളുടെ അളവ് വളരെ കുറവാണ്. സ്റനോഗ്രാഫി, ഡ്രസ് മേക്കിംഗ് സെക്രട്ടേറിയല്‍ പ്രാക്ടീസ് തുടങ്ങിയ രംഗങ്ങളിലും സ്ത്രീ പ്രാതിനിധ്യം കുറവാണ്.
ഇതിനെല്ലാം പുറമെ സ്ത്രീ തന്നെ പലപ്പോഴും സ്ത്രീശാക്തീകരണത്തിന് തടസ്സമാകാറുണ്ട്. ഭൂരിഭാഗം സ്ത്രീകളും അവര്‍ സുന്ദരികളല്ലെന്ന് വിശ്വസിക്കുന്നവരാണ്. അതിനാല്‍ അവര്‍ സൌന്ദര്യ സംവര്‍ദ്ദക വസ്തുക്കളുടെ സ്വാധീന വലയത്തിലാണ്. വന്‍കിട കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന ലക്ഷകണക്കിന് സൌന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ അടിമയായി സ്ത്രീ മാറിയിരിക്കുന്നു. സ്വന്തം സമൂഹത്തിനു വന്നു ചേര്‍ന്ന ദുരന്ത സാഹചര്യത്തെ ക്കുറിച്ച് ബോധമില്ലാതെ തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം വിലകുറഞ്ഞ സീരിയലുകളും വിലകൂടിയ പരസ്യങ്ങളും കാണാനും പകര്‍ത്താനും ആസ്വദിക്കാനും അവള്‍ നീക്കിവെച്ചിരിക്കുകയാണ്.
സ്ത്രീശാക്തീകരണം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പ്രതിവിധികാണേണ്ടത്. സ്വന്തം സ്വത്വത്തെ തിരിച്ചറിഞ്ഞു കൊണ്ടാവണം. നാം നേടിയ അറിവും കഴിവും നമുക്ക് കിട്ടുന്ന സന്ദര്‍ഭങ്ങളും ഉപകരണങ്ങളും എല്ലാ നന്‍മയുടെ മാര്‍ഗ്ഗത്തില്‍ വിനിയോഗിച്ചുകൊണ്ടാവണം. അങ്ങനെ നമ്മുടെ സമൂഹത്തില്‍ പുതിയ ടീസ്റമാരേയും മേധാപട്ക്കര്‍മാരേയും സൃഷ്ടിക്കാന്‍ നമുക്ക് കഴിയണം. പുരുഷനെ മാറ്റി നിര്‍ത്തികൊണ്ടല്ല-അവനെ തന്റെ സഹകാരിയും മിത്രവുമാക്കികൊണ്ട്. പരസ്പരം നന്‍മയില്‍ സഹകരിച്ചും തിന്‍മയില്‍ വിട്ടുനിന്നും അപകടങ്ങളേയും പ്രശ്നങ്ങളേയും നേരിടാനുള്ള മനോധൈര്യവും ഇഛാശക്തിയും ധാര്‍മ്മികരുത്തും. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പു ജീവിച്ച ത്യാഗവര്യയായ ഹാജറയെ പോലെ ഏതു പ്രതിസന്ധിഘട്ടത്തിലും പ്രവാചകനെ സ്നേഹപൂര്‍വ്വം പരിചരിച്ച ഖദീജയെ പോലെ സ്വേഛാധിപതിയും അഹങ്കാരിയുമായ ഫറോവയുടെ പത്നി ആസ്യയെ പോലെ നമ്മുടെ സഹോദരിമാര്‍ക്ക്
സ്ഥൈര്യവും ധൈര്യവും ദിശാബോധവും നല്‍കുവാനും സ്ത്രീത്വത്തിന്റെ കരുത്തും ശക്തിയും തെളിയിക്കാനും ഈ സെമിനാര്‍ പ്രചോദനമാകട്ടെ.

 
 

 

 

 

 

 
 
 
 
©2009. all rights reserved for Jamaath-e-Islami Hind, Kerala.