December 9, 2009 7:32 PM
 |
രിയാദ്: 2010 ജനുവരി 24-ന് കുറ്റിപ്പുറത്ത് നടക്കുന്ന ജമാഅത്തെ ഇസ്ലാമി കേരള വനിതാ സമ്മേളനത്തോടനുബന്ധിച്ച് രിയാദിലെ വനിതാ പ്രവര്‍ത്തകര്‍ ബത്ഹ ക്ളാസിക് ഓഡിറ്റോറിയത്തില്‍ ഒത്തുചേര്‍ന്നു. സുബൈദാ മര്‍സൂഖിന്റെ ഖുര്‍ആന്‍ ദര്‍സോടെ ആരംഭിച്ച യോഗത്തില്‍ 'സാമൂഹ്യവിപ്ളവത്തിന് സ്ത്രീ ശക്തി' എന്ന സമ്മേളന പ്രമേയം സാജിദാ ശഫീഖ് അവതരിപ്പിച്ചു. സ്ത്രീയെ എന്നും സമൂഹം ജീവിതത്തിന്റെ പുറമ്പോക്കുകളില്‍ തള്ളി ഒതുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്ലാം അവഗണിക്കപ്പെട്ട സ്ത്രീക്ക് അവകാശങ്ങള്‍ നല്‍കി അവളെ കൈപ്പിടിച്ചുയര്‍ത്തി. അതുവഴി പണ്ഡികളെയും നേതാക്കളെയും സൃഷ്ടിക്കാന്‍ ഇസ്ലാമിന് സാധിച്ചു. സമൂഹ പുനഃസൃഷ്ടിയില്‍ പുരുഷനെ പോലെ സ്ത്രീക്കും ബാധ്യതകള്‍ നിര്‍വഹിക്കാനുണ്ട്. അതീനികളോടും അസമത്വങ്ങളോടും പടവെട്ടാന്‍ ആശയദാര്‍ഢ്യവും വിശ്വാസദാര്‍ഢ്യവുമുള്ള പെണ്‍സമൂഹം ഉയര്‍ന്നുവരണം. മാനവിക മൂല്യങ്ങളെ നിരാകരിക്കുകയും ഉപഭോഗ സംസ്കാരത്തെ പുണരുകയും ചെയ്യുന്ന വര്‍ത്തമാനകാല അവസ്ഥക്ക് മാറ്റം വരേണ്ടതുണ്ട്. കര്‍മം കൊണ്ടും ചിന്ത കൊണ്ടും സര്‍വോപരി ജീവിതം കൊണ്ടും ഇതിനെതിരെയുള്ള സമരം ശക്തിപ്പെടുത്തണം. നമുക്ക് ചുറ്റുമുള്ള സ്ത്രീകളെ ബോധവത്കരിക്കാനും സ്ത്രീ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ അറിയാനും സേവന പ്രവര്‍ത്തനങ്ങളില്‍ തന്റേതായ സംഭാവനകള്‍ അര്‍പ്പിക്കാനും വൈജ്ഞാനികവും ചിന്താപരവുമായി ഉയര്‍ന്നു നില്‍ക്കാനും നമുക്ക് സാധിക്കണം. ഇസ്ലാം സ്ത്രീക്ക് നല്‍കിയ പദവിയും മഹത്വവും മനസ്സിലാക്കി സമൂഹത്തെ ദുരവസ്ഥയില്‍നിന്ന് രക്ഷിക്കാന്‍ സ്ത്രീ സമൂഹം ഉണര്‍ന്നെണീക്കണമെന്നും സാജിത പറഞ്ഞു.
'നമ്മുടെ സമ്മേളനങ്ങള്‍' എന്ന വിഷയം കോയക്കുട്ടി അവതരിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി നടത്തുന്ന സമ്മേളനങ്ങള്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. സമ്മേളനങ്ങള്‍ക്ക് വേണ്ടി സമ്മേളനമെനനത് ജമാഅത്ത് ശൈലിയല്ല. അത് സമൂഹത്തിന് ബോധ്യപ്പെട്ടതാണ്. വര്‍ധിച്ച ആവേശത്തോടെ സമൂഹം ജമാഅത്ത് സമ്മേളനങ്ങളെ സ്വീകരിച്ചിട്ടുണ്ട്. കേരളീയ സമൂഹത്തിന് നല്ല മാതൃകകള്‍ നല്‍കാന്‍ എന്നും ജമാഅത്ത് സമ്മേളനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഈ സമ്മേളനവും തീര്‍ച്ചയായും ആ ദൌത്യം നിര്‍വഹിക്കും. ജമാഅത്ത് രൂപീകരണം മുതല്‍ നടത്തിയ 12 സമ്മേളനങ്ങളെ അവലോകനം ചെയ്ത് അദ്ദേഹം പറഞ്ഞു.
പൌരോഹിത്യത്തിന്റെ തീവ്രതയില്‍നിന്നും ആധുനിക ഫെമിനിസത്തിന്റെ ജീര്‍ണതയില്‍നിന്നും മുക്തമായി സ്ത്രീ സാമൂഹിക പരിവര്‍ത്തനത്തിന്റെ ചാലകശക്തിയാവണമെന്ന് സോണല്‍ രക്ഷാധികാരി എസ്.എം നൌഷാദ് പറഞ്ഞു. |